തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്യാന്‍ ഇനി ഇലക്ട്രോണിക് സംവിധാനം. ഉത്തരക്കടലാസുകള്‍ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കുന്നതിനും അതിവേഗം കൈകാര്യം ചെയ്യുന്നതിനുമായി ‘പ്രിസര്‍വേഷന്‍ ആന്‍ഡ് റിട്രീവല്‍ സിസ്റ്റം’ എന്ന സാങ്കേതികവിദ്യയാണ് യൂണിവേഴ്സിറ്റി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തില്‍ പുതിയ സംവിധാനം തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേതിനേക്കാള്‍ ഇരട്ടിയിലധികം വിദ്യാര്‍ത്ഥികളുള്ള പൂനെ യൂണിവേഴ്സിറ്റി വിജയകരമായി നടപ്പിലാക്കിയ ഇലക്ട്രോണിക് സംവിധാനമാണിത്. സിന്‍ഡിക്കേറ്റ് ഉപസമിതി പൂനെയില്‍ പോയി പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് എന്‍ഐടിയില്‍ തയ്യാറാക്കുന്ന സംവിധാനം ഉടന്‍ സര്‍വ്വകലാശാലയില്‍ നടപ്പാക്കി തുടങ്ങും.
ഒരേസമയം 25 ലക്ഷം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉത്തരക്കടലാസുകള്‍ തരംതിരിച്ച് ബാര്‍കോഡ് നല്കി സൂക്ഷിച്ചാല്‍, പിന്നീട് എപ്പോള്‍ വേണമെങ്കിലും മുന്‍കൂട്ടി നല്കിയ ക്രമനമ്പര്‍പ്രകാരം ഓണ്‍ലൈന്‍ വഴി ഏത് പേപ്പറും പെട്ടെന്ന് തിരഞ്ഞെടുക്കാം.
യൂണിവേഴ്സിറ്റി സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ സര്‍ക്കാര്‍ മൂല്യനിര്‍ണയ കേന്ദ്രത്തിനായി അനുവദിച്ച 5 കോടി രൂപയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷ പേപ്പറുകള്‍ കോളജില്‍ നിന്ന് എടുക്കുന്നതിനും തിരിച്ച് മൂല്യ നിര്‍ണയ ക്യാമ്പില്‍ എത്തിക്കുന്നതിനും തപാല്‍ വകുപ്പുമായി കരാറിലെത്തുമെന്നും പരീക്ഷ കണ്ട്രോളര് അറിയിച്ചു. സുരക്ഷയും വിശ്വാസ്യതയും ഉറപ്പിക്കാന്‍ ഡിജിറ്റല്‍ മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണവും യൂണിവേഴ്സിറ്റിയുടെ ആലോചനയിലുണ്ട്.
Discussion about this post