തിരുവനന്തപുരം: എല്‍ഡിഎഫ്-ബിജെപി വോട്ട് കച്ചവടത്തിന്റെ ശക്തമായ തെളിവാണ് പാലാ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയുടെ വോട്ട് കച്ചവട ആരോപണത്തിന് തെളിവ് ചോദിച്ച മുഖ്യമന്ത്രിക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടക്കുന്നുവെന്നത് ഇനി പ്രത്യേകം തെളിയിക്കേണ്ടതില്ല. കച്ചവടത്തിന്റെ തെളിവ് തരാനായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇനിയതിന്റെ ആവശ്യമില്ല. പാലായിലെ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഏറ്റവും വലിയ തെളിവ് എന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂര്‍കാവില്‍ സംസ്ഥാന നേതാക്കള്‍ സ്ഥാനാര്ത്ഥിയാകാത്തതും മുതിര്‍ന്ന നേതാവ് കെ സുരേന്ദ്രന് കോന്നിയില്‍ മത്സരിക്കുന്നതും ചേര്‍ത്താണ് എല്‍ഡിഎഫിനെതിരെ വോട്ട് കച്ചവട ആരോപണം യുഡിഎഫ് ആവര്‍ത്തിക്കുന്നത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സിപിഎം ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് ആരോപിച്ചത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ബിജെപി സിപിഎമ്മിനും കോന്നിയില്‍ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുകച്ചവട ആരോപണം ഉന്നയിച്ചത്
Discussion about this post