റെയില്‍വേ സ്റ്റേഷനുകള്‍ ഇനി പ്ലാസ്റ്റിക് മുക്തം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് റെയില്‍വേ സ്റ്റേഷന്‍

ഗാന്ധിജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണത്തിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നത്.

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകള്‍ ഇനി പ്ലാസ്റ്റിക്ക് മുക്തം. പുതിയ പദ്ധതിക്ക് പാലക്കാട് റെയില്‍വേ ഡിവിഷനില്‍ തുടക്കമായി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ക്രഷിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷമി നിര്‍വ്വഹിച്ചു.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച ശുചിത്വ വാരാചരണത്തിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നത്. കുടിവെള്ള കുപ്പികള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ മെഷീനില്‍ നിക്ഷേപിച്ചാല്‍ മിനിറ്റുകള്‍ക്കകം പൊടിച്ചുകിട്ടും. പൊടിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കള്‍ ബാഗുകളുള്‍പ്പെടെയുളളവയുടെ നിര്‍മ്മാണത്തിനായി കൈമാറും.

ദിവസവും പരമാവധി 5000 പ്ലാസ്റ്റിക് കുപ്പികള്‍ വരെ പൊടിക്കാന്‍ ശേഷിയുളള യൂണിറ്റുകളാണ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്. കുപ്പികള്‍ വലിച്ചെറിയാതെ പൊടിക്കാന്‍ നല്‍കണമെന്നാണ് യാത്രക്കാരോട് റെയിവേയുടെ അഭ്യര്‍ത്ഥന. അതേസമയം, എല്ലാ സ്റ്റേഷനുകളിലും ഉടന്‍ തന്നെ ക്രഷിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവന്തപുരം, പാലക്കാട് എന്നീ ഡിവിഷനുകള്‍ക്ക് കീഴിലായി ആദ്യഘട്ടത്തില്‍ പത്ത് യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഡിവിഷന് കീഴിലെ മെമു ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് സംവിധാനം നിലവില്‍ വന്നെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version