തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വോട്ട് കച്ചവട ആരോപണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ വോട്ട് ഒരിടത്തും എല്‍ഡിഎഫിന് വേണ്ടെന്നും
നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടങ്ങളുടെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.
സിപിഎം ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ ബിജെപി സിപിഎമ്മിനും കോന്നിയില്‍ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാനായി ധാരണയുണ്ടാക്കിയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ടുകച്ചവട ആരോപണം ഉന്നയിച്ചത്.
വോട്ടുകച്ചവടം നടത്തിയെന്ന മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ രംഗത്ത് വന്നിരുന്നു. കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സിപിഎമ്മെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ തെളിവുണ്ടെന്ന് പറയുന്ന മുല്ലപ്പളളിയെ അത് ഹാജരാക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു.
‘ഞങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാം. കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതാണ് ഞങ്ങളുടെ കരുത്ത്. ആ ശക്തിയാണ് ജനങ്ങള്‍ കാണുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കുന്നു. ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യില്‍ ഉളളത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അത് മുന്നോട്ടുവെയ്ക്കാം. ഇത്തരം പൊയ്വെടികള്‍ കൊണ്ടൊന്നും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post