മരട്: ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളി. ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നല്‍കില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ വ്യക്തമാക്കി.
ഫ്‌ളാറ്റുകളില്‍ നിന്ന് നാളെയ്ക്ക് മുമ്പ് ഒഴിയാന്‍ ഫ്‌ളാറ്റുടമകളോട് ആവശ്യപ്പെടും. നഗരസഭ ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകളില്‍ നേരിട്ടെത്തി ആവശ്യപ്പെടും, പുന:സ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നാളെ വൈകിട്ട് വിച്ഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍ പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും ഫ്‌ളാറ്റുകളില്‍ തുടരുമെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി. താമസിക്കാനായി നഗരസഭ വാടകയ്ക്ക് എടുത്ത് നല്‍കിയ ഫ്‌ളാറ്റുകളില്‍ പലതും ഒഴിവില്ല. 180 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.
ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണെന്നും, പല ഫ്‌ളാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും അതിനാല്‍ ലോണ്‍ തിരിച്ചടവും വാടകയും രണ്ടും കൂടി അടയ്ക്കാനാകില്ലെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു. പുനരധിവാസം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു. ഒഴിഞ്ഞുപോകാനുള്ള സമയപരിധി ക്ടോബര് 10 വരെ നീട്ടണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
Discussion about this post