തിരുവനന്തപുരം; ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗരവും ഇടംനേടിയിരിക്കുകയാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച 50 നഗരങ്ങളില്‍ നിന്ന് മുപ്പത് നഗരങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്തത്. പട്ടികയില്‍ ഒന്നാമതാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. കേന്ദ്രസഹായം ലഭിക്കുന്ന നിലയ്ക്ക് പദ്ധതിസമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് മേയര്‍ വികെ പ്രശാന്ത്.
അതേസമയം, വികെ പ്രശാന്തിനെ പോലെയുള്ളവര്‍ നമ്മുടെ നിയമനിര്‍മ്മാണസഭയില്‍ വരുകയെന്നാല്‍ നമ്മുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാകാനും സ്വന്തം മണ്ഡലത്തിലെയടക്കം വികസനകാര്യങ്ങള്‍ ജനമനസ്സിലെ ആശയാഭിലാഷങ്ങള്‍ക്ക് ഇണങ്ങുന്നവയാകാനും വഴിയൊരുങ്ങും എന്നാണ് വിശ്വസിക്കുന്നതെന്ന് പിആര്‍ഡിയിലെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ മനോജ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ, ജനാധിപത്യത്തില്‍ ജനമനസും അഭിലാഷവും തിരിച്ചറിയുന്നവരാണ് യഥാര്‍ത്ഥ രീഷ്ട്രീയക്കാരെന്നും പുതുതലമുറരാഷ്ട്രീയക്കാരില്‍ അത്യപൂര്‍വ്വമായി കാണുന്ന ഈ നന്മയാണ് വികെ പ്രശാന്ത് എന്ന മേയറില്‍ എനിക്കു കാണാന്‍ കഴിഞ്ഞതെന്നും വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മനോജ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗരത്തെ ഉള്‍ക്കൊളിക്കുന്നതിനു നടത്തിയ സ്മാര്‍ട്‌സിറ്റി ചലഞ്ചിന്റെ പ്രചാരണപരിപാടിയില്‍ ഞാന്‍ പങ്കാളിയായിരുന്നു.
ഒന്നാം റൗണ്ടില്‍ സാങ്കേതികകാരണങ്ങളാല്‍ തിരുവനന്തപുരത്തിന് ഉള്‍പ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍, രണ്ടാമതൊരു അവസരം വന്നപ്പോള്‍ അതു നാം ഫലപ്രദമായി പ്രയോജനപ്പെടുത്തി.
സ്മാര്‍ട്ട് സിറ്റി ചലഞ്ചിലെ ഏറ്റവും പ്രധാന മാനദണ്ഡം ജനാഭിലാഷം അനുസരിച്ചു പദ്ധതികള്‍ രൂപപ്പെടുത്തുക എന്നതാണ്. അതിനായി വികസിപ്പിച്ച വെബ്പോര്‍ട്ടലിന്റെയും ജനാഭിപ്രായരൂപീകരണത്തിന്റെ ഭാഗമായും ടെക്നിക്കല്‍ സമിതി അംഗമായും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.
രണ്ടുതലങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മുഴുവന്‍ നഗരപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പാന്‍സിറ്റി പദ്ധതികളും പ്രത്യേക പരിഗണന നല്‍കി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ട ഏരിയ ബേസ്ഡ് വികസനപരിപാടിയുമാണ് രണ്ടുഘടകങ്ങള്‍. ഇതില്‍ രണ്ടാമത്തേത് വളരെ പ്രാധാന്യമുള്ളതാണ്. ഒരു പ്രത്യേകപ്രദേശത്തിന്റെ സമഗ്രവികസനമാണ് അതു ലക്ഷ്യം വയ്ക്കുന്നത്. അതിനായി വളരെ കുറച്ചു വാര്‍ഡുകള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.
ഇതിനെക്കുറിച്ച് ടെക്നിക്കല്‍കമ്മറ്റിയില്‍ ചര്‍ച്ചയുണ്ടായി. മേയറുടെ അഭിപ്രായം ആരാഞ്ഞു.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രയോജനമുണ്ടാകുന്ന തരത്തില്‍ വേണമെന്നതാണ് തന്റെ നയം എന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. ”മാത്രമല്ല, നഗരവാസികള്‍ക്കും ഒപ്പം നഗരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. അതാണ് സമീപനം.’
അതനുസരിച്ചാണ് നഗരത്തെ ഏഴു സോണുകളായി തിരിച്ചു വോട്ടെടുപ്പുനടത്തിയത്.
വാര്‍ഡ്, പാര്‍ട്ടി തുടങ്ങി ഒരു മുന്‍വിധിയും ഉണ്ടാകാതെ വേണം ഇത് നടപ്പാക്കേണ്ടതെന്ന് മേയര്‍ പ്രശാന്ത് തന്റെ നിലപാടു വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഞാന്‍ കൗണ്‍സിലിലും എന്റെ വാര്‍ഡിലെ ജനങ്ങളോടും വിശദീകരിച്ചോളാം എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സ്വയം നിഷ്പക്ഷനായി നിന്നുകൊണ്ട് ഇത്തരത്തില്‍ എടുക്കുന്ന നിലപാടുകളാണ് ഭൂരിപക്ഷംപോലും ഇല്ലാത്ത തിരുവനന്തപുരം നഗരസഭയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രശാന്തിനെ സഹായിച്ചത്. അങ്ങനെയാണ് വികസനപദ്ധതികള്‍ക്കുള്ള സോണുകള്‍ വിഭജിച്ചപ്പോള്‍ പാളയം, വഞ്ചിയൂര്‍, ശ്രീകണ്‌ഠേശ്വരം , വലിയശാല, കിഴക്കേക്കോട്ട, ചാല, തമ്പാനൂര്‍, തൈക്കാട്, വഴുതക്കാട് തുടങ്ങിയ നഗരത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഒരേപോലെ പ്രയോജനം ലഭിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി ഒരു സോണുണ്ടാവുന്നത്.
അതിനു ഗതാഗതം പൈതൃകം വാണിജ്യം സാംസ്‌കാരികം തുടങ്ങി പല ഘടകങ്ങളും കണക്കിലെടുത്തു. മെഡിക്കല്‍ കോളേജ് , ബൈപാസ് ഇടനാഴി , നാഗരപ്രാന്ത പ്രദേശം, കഴക്കൂട്ടം ടെക്‌നോ ഏരിയ, ആക്കുളം- വേളി, വിഴിഞ്ഞം തുടങ്ങി ഏഴു സോണുകളില്‍ ഏതില്‍ വേണം പദ്ധതി നടപ്പാക്കേണ്ടത് എന്നത് ജനപങ്കാളിത്തത്തോടെയാണു കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് ഇതിനായി എല്ലാ വാര്‍ഡുകളിലും കൃത്യമായ വോട്ടിങ് നടത്തി. മറ്റൊരു നഗരത്തില്‍ നടത്താത്ത തരത്തില്‍ ഈ പ്രവര്‍ത്തനവും വളരെ സുതാര്യമാക്കി.
ഇതോടൊപ്പം തിരുവനന്തപുരം നഗരത്തില്‍ എല്ലായിടങ്ങളിലും മുന്‍ഗണന നല്‍കി നടപ്പാക്കേണ്ട മേഖലകള്‍ ഏതെന്നു കണ്ടെത്താന്‍ ഓണ്‍ലൈനില്‍ വോട്ടെടുപ്പു നടന്നു. 10,574 പേര്‍ അതില്‍ പങ്കെടുത്തു. 24 വിഷയങ്ങളില്‍ ഗതാഗതം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കുടിവെള്ളം തുടങ്ങിയവയാണ് മുന്‍ഗണന നല്‍കേണ്ട മേഖലകള്‍ എന്നാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പു മുന്നോട്ടുവെച്ചത്.
ഈ റിസള്‍ട്ട് വച്ച് പദ്ധതിരൂപരേഖ ഉണ്ടാക്കാമായിരുന്നു. കമ്മറ്റിയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ ഇതില്‍ ഇവിടുത്തെ ഏറ്റവും സാധാരണക്കാരുടെ വികാരമുണ്ടെന്ന് ഉറപ്പില്ലെന്നാണു മേയര്‍ പറഞ്ഞത്. അതുകൊണ്ട് നമുക്ക് കൂടുതല്‍ ജനങ്ങളില്‍ എത്തണം. ഈ പദ്ധതി എങ്ങനെയാകണമെന്നു നിശ്ചയിക്കുന്ന ചലഞ്ചില്‍ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. അതിനു നിരവധി കര്‍മ്മപരിപാടികള്‍ ഉണ്ടാക്കി. എല്ലാ വാര്‍ഡുകളിലും ഗ്രാമസഭ ചേര്‍ന്നു. കത്തുകളിലൂടെയും വാട്സാപ്പിലൂടെയും അഭിപ്രായം സ്വരൂപിച്ചു. 98,000-ത്തിലധികം പേര്‍ ഈ പ്രക്രിയയില്‍ പങ്കാളികളായി.
മേയറുടെ ആശങ്കയും സംശയവും ശരിവയ്ക്കുന്നതായിരുന്നു അതിന്റെ ഫലങ്ങള്‍.
ജനങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഓടകളുടെ നവീകരണം, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ മാനേജ്മന്റ്, കൊതുകുനിവാരണം, കളിസ്ഥലം, പാര്‍ക്ക് തുടങ്ങിയ പൊതുഇടങ്ങളുടെ ആവശ്യകത എന്നിങ്ങനെ മുന്‍ഗണനയിലേക്ക് മറ്റുവിഷയങ്ങള്‍കൂടി വന്നുചേര്‍ന്നു. പ്രളയത്തെ തുടര്‍ന്നു നടത്തിയ പഠനങ്ങള്‍ അതു ശരിവയ്ക്കുന്നതായിരുന്നു.
ജനാധിപത്യത്തില്‍ ജനമനസും അഭിലാഷവും തിരിച്ചറിയുന്നവരാണ് യഥാര്‍ത്ഥ രീഷ്ട്രീയക്കാര്‍. പുതുതലമുറരാഷ്ട്രീയക്കാരില്‍ അത്യപൂര്‍വ്വമായി കാണുന്ന ഈ നന്മയാണ് വി.കെ. പ്രശാന്ത് എന്ന മേയറില്‍ എനിക്കു കാണാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ജനബന്ധമാണ് മാറിച്ചിന്തിക്കാന്‍ പ്രേരണ നല്‍കിയത്.
അന്ന് മേയര്‍ ടെക്നോക്രാറ്റുകള്‍ അല്ലാത്തവരുടെ ആവശ്യങ്ങള്‍ അറിയണമെന്നു നിര്‍ബന്ധം പിടിച്ചതിലൂടെ നഗരസഭയ്ക്കും ഈ തിരിച്ചറിവുണ്ടായി. അതിന്റെ ഫലമായാണ് സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്ന പദ്ധതികള്‍. ഇതില്‍ ഉറവിടമാലിന്യനിര്‍മ്മാര്‍ജ്ജനപദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
വി.കെ. പ്രശാന്തിനെ പോലെയുള്ളവര്‍ നമ്മുടെ നിയമനിര്‍മ്മാണസഭയില്‍ വരുകയെന്നാല്‍ നമ്മുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാകാനും സ്വന്തം മണ്ഡലത്തിലെയടക്കം വികസനകാര്യങ്ങള്‍ ജനമനസ്സിലെ ആശയാഭിലാഷങ്ങള്‍ക്ക് ഇണങ്ങുന്നവയാകാനും വഴിയൊരുങ്ങും എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. വി കെ പ്രശാന്തിന് എന്റെ വിജയാശംസകള്‍.