തിരുവനന്തപുരം: ഇടുക്കി വന്യജീവി സങ്കേതത്തില്‍ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. വനംവന്യജീവി വകുപ്പും ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്നാണ് ചിത്രശലഭങ്ങള്‍, പക്ഷികള്‍, തുമ്പികള്‍, ഉറുമ്പുകള്‍ തുടങ്ങിയവയുടെ സര്‍വേ നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് മാനേജ്മെന്റ് പ്ലാനില്‍ രേഖപ്പെടുത്തിയത് 76 ചിത്രശലഭങ്ങള്‍ ആണെങ്കില്‍ ഇത്തവണ നടത്തിയ സര്‍വേയില്‍ 182 സ്പീഷീസുകളാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി, ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം എന്നിവയെയും സര്‍വേയില്‍ കണ്ടെത്തി.
ഗോള്‍ഡന്‍ ഫ്ലിറ്റര്‍, യുറേഷ്യയില്‍ നിന്നു ദേശാടനം നടത്തി എത്തുന്ന പെയ്ന്റഡ് ലേഡി (ചിത്രിത), മലബാര്‍ ട്രീ നിംഫ് തുടങ്ങിയ ചിത്രശലഭങ്ങളെയും സര്‍വേയില്‍ കണ്ടെത്തി. അതേസമയം 132 ഇനം പക്ഷികളെയും 20 ഇനം തുമ്പികളെയും 15 ഇനം ഉറുമ്പുകളെയും സര്‍വേയില്‍ രേഖപ്പെടുത്തി. സര്‍വേയുടെ രീതിശാസ്ത്രത്തിനു നേതൃത്വം വഹിച്ചത് ഡോ കലേഷ് സദാശിവന് ആണ്. 30 വിദഗ്ധര്‍, 20 വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സര്‍വേയില്‍ ബംഗളൂരുവിലെ ബിബിസി, കോയമ്പത്തൂരിലെ ടിഎന്‍ബിഎസ്, വയനാട്ടിലെ ഫേണ്‍സ് തുടങ്ങിയ സംഘടനകളും പങ്കെടുത്തു.
Discussion about this post