കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സീറ്റിന് വേണ്ടിയുള്ള മത്സരമാണ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കിടയില്‍ കണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും പ്രതിസന്ധിയിലായതും ഇതേ തുടര്‍ന്നാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ ശങ്കര നാരായണന്‍.
എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസാന നിമിഷം വരെ ചരടുവലി നടത്തിയ കെവി തോമസിനെ വേദിയിലിരുത്തിയാണ് അദ്ദേഹം പരിഹസിച്ചത്. പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. എന്നാല്‍ വാക്കുകള്‍ മൂചര്‍ച്ഛിച്ചതോടെ കെവി തോമസിന് തലതാഴ്‌ത്തേണ്ടി വന്നു. മുഖത്ത് മ്ലാനത പ്രത്യക്ഷപ്പെട്ടു.
എറണാകുളത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ശങ്കരനാരായണന്റെ പരിഹാസം. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമായി എട്ട് തവണ മത്സരിച്ചിട്ടുണ്ട് കെവി തോമസ്. കഴിഞ്ഞ തവണ ലോക്‌സഭയിലും ഇത്തവണ ഉപതെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതാണ് വിമര്‍ശനങ്ങളുടെ ഇരയാകുവാന്‍ കാരണം.
ശങ്കരനാരായണന്റെ വാക്കുകള്‍;
ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ… ? എറണാകുളത്ത് ഇലക്ഷന് നില്‍ക്കാന്‍ താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍, ഇനി അതില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ടിജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതി. ഞാന്‍ പറയുന്നത് ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണം.
ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്… അതാര്‍ക്കായാലും ശരി അത് അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല… അതിപ്പോള്‍ ആരായാലും ശരി…
Discussion about this post