ഓർത്തഡോക്‌സ്-യാക്കോബായ പള്ളികളിലെ മിക്കി മൗസ് കളി അവസാനിപ്പിക്കണം; എന്നും പോലീസ് സംരക്ഷണം നൽകാനാകില്ല; തറപ്പിച്ച് പറഞ്ഞ് സർക്കാർ

തെരഞ്ഞെടുപ്പ് അടുത്തതിനാൽ കൂടുതൽ പോലീസിനെ വിന്യസിക്കുന്നത് പ്രായോഗികമല്ല.

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കത്തിന് പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സർക്കാർ. ഓർത്തഡോക്സ് – യാക്കോബായ തർക്കമുള്ള പള്ളികൾക്ക് എല്ലാദിവസവും പോലീസ് സംരക്ഷണം നൽകുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാൽ കൂടുതൽ പോലീസിനെ വിന്യസിക്കുന്നത് പ്രായോഗികമല്ല.

സഭാ തർക്കത്തിൽ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും ഇരു സഭകളുടെയും മിക്കി മൗസ് കളിക്ക് കൂട്ടുനിൽക്കാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭ നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാടറിയിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോർണിയാണ് ഹാജരായത്.

സുരക്ഷ നൽകാൻ പോലീസിനെ വിട്ടുനൽകാൻ സാധിക്കില്ലെങ്കിൽ സായുധസേനയെ വിന്യസിച്ചുകൂടെയെന്ന് കോടതി നിരീക്ഷിച്ചു. പോലീസില്ലാത്തതിന്റെ പേരിൽ ക്രമസമാധാനം പാലിക്കാനാകില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പിറവം പള്ളിയിൽ തൽസ്ഥിതി തുടരും, പള്ളിയുടെ താക്കോൽ കളക്ടർ കൈവശം വെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version