കണ്ണൂര്‍: തികച്ചും വ്യത്യസ്തമായൊരു വിവാഹസത്കാരമാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടന്നത്. സാധാരണ കല്യാണത്തിന് ഭക്ഷണം വിളമ്പുമ്പോള്‍ പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ കല്യാണത്തിന് ഭക്ഷണം വിളമ്പിയത് പാള കൊണ്ടുണ്ടാക്കിയ പ്ലേറ്റിലായിരുന്നു.
ഓരോ വിവാഹം കഴിയുമ്പോഴും കുന്നുകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് നാട്ടില്‍ അടിഞ്ഞ് കൂടുന്നത്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര് പഞ്ചായത്ത്. ഇതിനായി ഹരിത കല്യാണം എന്നൊരു പദ്ധതി തന്നെ ആവിഷ്കരിച്ചു. പഞ്ചായത്ത് രൂപവത്കരിച്ച ഹരിതസേനയില്‍ പതിനൊന്ന് അംഗങ്ങളാണുള്ളത്.
എല്ലാവരും സ്ത്രീകളാണ്. എല്ലാവര്ക്കും പ്രത്യേക യൂണിഫോമുണ്ട്. കല്യാണ സദ്യക്കാവശ്യമായ കുപ്പിഗ്ലാസുകളും മറ്റും ഇവര്‍ കൊണ്ടുവരും. ഇത്തരത്തിലാണ് 12ാം വാര്‍ഡായ ആഡൂരില്‍ ആദ്യ വിവാഹം നടന്നത്. ആഡൂരിലെ വിനയത്തില്‍ കെ വിനോദിന്റെയും വിജുകുമാരിയുടെയും മകള്‍ വിസ്മയ വിനോദിന്റെയും വൈശാഖ് ശശിയുടെയും വിവാഹമാണ് ഡിസ്പോസബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും ഇല്ലാതെ നടന്നത്.
ഹരിതകര്‍മസേന കല്യാണത്തിന് 2000 ഗ്ലാസുകള്‍ എത്തിച്ചു. ഐസ്ക്രീം വിളമ്പിയത് കവുങ്ങിന്റെ പാള ഉപയോഗിച്ച് നിര്‍മ്മിച്ച പ്ലേറ്റിലാണ്. സിറാമിക് പ്ലേറ്റുകള്‍ വേറെയും കൊണ്ടുവന്നു. കൊണ്ടുവരുന്ന ചില്ലു/സ്റ്റീല്‍ ഗ്ലാസുകള്‍ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ തന്നെ കഴുകും. വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സദ്യ ഇവര്‍ തന്നെ വിളമ്പുകയും ചെയ്യും. ഹരിതകല്യാണത്തിനായി പഞ്ചായത്തിന് പുറത്തും പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാണ്. ഫോണ്‍: 9847960725, 9544065607.
Discussion about this post