കാനനപാതകളിലൂടെ യുവതികള്‍ എത്തിയാല്‍ പൂര്‍ണ്ണസുരക്ഷ നല്‍കും, അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ല; വനംവകുപ്പ്

ഭക്തരുടെ സുരക്ഷയ്ക്കായി നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിനകം വിന്യസിച്ചു കഴിഞ്ഞു

പത്തനംതിട്ട: പരമ്പരാഗത കാനനപാതകളില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളുമായി വനംവകുപ്പ്. കാനനപാതകളിലൂടെ യുവതികള്‍ എത്തിയാല്‍ പൂര്‍ണ്ണസുരക്ഷ ഉറപ്പാക്കുമെന്നും അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സികെ ഹാബി പറഞ്ഞു.

അഴുതക്കടവ് – ചെറിയാനവട്ടം, സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തര്‍ക്ക് കടന്നുപോകാനായി ഇരുവഴികളും പൂര്‍ണ്ണസജ്ജമായി. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തീര്‍ത്ഥാടകരെ ഇതുവഴി കയറ്റിവിടുക. ഭക്തരുടെ സുരക്ഷയ്ക്കായി നൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിനകം വിന്യസിച്ചു കഴിഞ്ഞു. യുവതികളടക്കം എല്ലാ ഭക്തര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള കാനനപാതയില്‍ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ തടയാനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാത വഴി സന്നിധാനത്തെത്തിയത്. ഇത്തവണ അതിലുമധികം പേരെത്തുമാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍.

Exit mobile version