ആലപ്പുഴ: കേരളത്തിലെ നദികളില്‍ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദേശീയ ഹരിതട്രിബ്യൂണല്‍ സംസ്ഥാനത്തിന് 14 കോടി രൂപ പിഴ ചുമത്തി. ഭാരതപ്പുഴ ഉള്‍പ്പെടെ 21 നദികളിലാണ് മലിനീകരണം രൂക്ഷമായിരിക്കുന്നത്. മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് ട്രിബ്യൂണല്‍ സംസ്ഥാനത്തിന് പിഴ ചുമത്തിയിരിക്കുന്നത്.
പിഴത്തുക സര്‍ക്കാര്‍ കെട്ടിവെച്ചു. ജലത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ചാണ് മലിനീകരണത്തോത് കണക്കാക്കുന്നത്. ജൈവ -രാസമാലിന്യങ്ങള്‍ തള്ളുന്നതിനാലാണ് കേരളത്തിലെ നദികള്‍ മലിനമാകുന്നത്. ഭൂരിഭാഗം നദികളിലും കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണ്. നദികളിലെ മലിനീകരണത്തോത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് 2018-ല്‍ ട്രിബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ട്രിബ്യൂണല്‍ 14 കോടി രൂപ പിഴ ചുമത്തിയത്. നദികളെ മാലിന്യമുക്തമാക്കുന്ന കര്‍മപദ്ധതി സമര്‍പ്പിച്ച് നടപ്പാക്കിയാല്‍ പിഴത്തുക തിരിച്ചുകിട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. മലിനമാക്കപ്പെട്ട നദികളെ സംരക്ഷിക്കാനുള്ള കര്‍മപദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞുവെന്നും ഇതില്‍ കരമനയാര്‍ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതി ദേശീയ ഹരിത ട്രിബ്യൂണലിന് നല്‍കിയതായും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്മാന് ഡോ. അജിത് ഹരിദാസ് വ്യക്തമാക്കി.
മലിനപ്പെട്ട നദികളുടെ പട്ടികയില്‍ ഒന്നാമത്തേത് തിരുവനന്തപുരത്തെ കരമനയാറാണ്. നിലവില്‍ ഓക്സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുന്ന അവസ്ഥയിലാണ് ഈ നദി. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ രക്ഷപ്പെടുത്താവുന്ന വിഭാഗമായ നാലും അഞ്ചും പട്ടികയിലാണ് ബാക്കിയുള്ള 20 നദികളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരമനയാര്‍, ഭാരതപ്പുഴ, കടമ്പയാര്‍, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവന്നൂര്‍, കാവായ്, കുപ്പം, കുറ്റ്യാടി, മേപ്രാല്‍, പെരിയാര്‍, പെരുവമ്പ, പുഴയ്ക്കല്‍, രാമപുരം, തിരൂര്‍, ഉപ്പള തുടങ്ങിയവയാണ് മറ്റ് മലിനപ്പെട്ട നദികള്‍.
Discussion about this post