കൊച്ചി: മരടിലെ ഫ്ളാറ്റുകളിൽ നിന്നും ഒഴിയാൻ തയ്യാറാകാതെ വീണ്ടും ഉടമകളുടെ പ്രതിഷേധം. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീർക്കാതെ ഒഴിഞ്ഞു പോകില്ലെന്നാണ് ഇവരുടെ നിലപാട്. ഇവിടെ നിന്ന് ഇതുവരെ ഒഴിഞ്ഞുപോയത് വാടകക്കാർ മാത്രമാണ്. സർക്കാർ ഒരുക്കിയ 521 ബദൽ ഇടങ്ങളിൽ പലതിലും ഒഴിവില്ലാത്തതാണ് ഫ്ളാറ്റ് ഉടമകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഫ്ളാറ്റ് ഉടമകൾക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഒക്ടോബർ മൂന്നിനാണ് അവസാനിക്കുന്നത്. നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒഴിയാനുള്ളത് 196 കുടുംബങ്ങളും. ഇതോടെ നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്ളാറ്റ് ഒഴിപ്പിക്കൽ അസാധ്യമാകുമെന്നാണ് സൂചന.
ജില്ലാ അധികൃതർ തയാറാക്കിയ പട്ടികയിലെ ഭൂരിഭാഗം ഫ്ളാറ്റുകളും മരടിൽനിന്ന് ഒഴിയുന്നവരെ താമസിപ്പിക്കാൻ തയാറായിട്ടില്ല. പട്ടികയിലെ ഫ്ളാറ്റ് ഉടമകളുമായി ബന്ധപ്പെടുമ്പോൾ അപ്പാർട്മെന്റുകൾ വാടകയ്ക്കു നൽകാനില്ലെന്ന പ്രതികരണമാണു ലഭിച്ചതെന്ന് മരട് ഭവന സംരക്ഷണ സമിതി പ്രസിഡന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. സർക്കാർ നൽകിയത് ഒഴിവില്ലാത്ത അപ്പാർട്മെന്റുകളുടെ പട്ടികയാണെന്നാണ് ഇവരുടെ ആക്ഷേപം. പുതിയ പട്ടിക നൽകണമെന്നും ഫ്ളാറ്റ് നിവാസികൾ ആവശ്യപ്പെടുന്നു. ശരിയായ അന്വേഷണം നടത്താതെയാണു ജില്ലാ ഭരണകൂടം പട്ടിക തയാറാക്കിയിട്ടുള്ളതെന്നും ഇവർ പറയുന്നു. ഫ്ളാറ്റ് ഒഴിയുന്നവർക്കു പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
അപ്പാർട്മെന്റുകൾ നൽകാൻ തയാറുള്ളവർ വലിയ തുകയാണു വാടകയായി ചോദിക്കുന്നത്. സൗകര്യങ്ങളുണ്ടോയെന്നു നോക്കാനായി നേരിട്ടു ഫ്ളാറ്റ് കാണാൻ ചെന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു മോശമായാണു പലരും പെരുമാറിയതെന്നും ഫ്ളാറ്റ് ഉടമകൾക്ക് പരാതിയുണ്ട്.
Discussion about this post