നാദാപുരം: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണു പ്രണോയിയുടെ കേസിൽ കൃഷ്ണദാസിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹിജ പറഞ്ഞു. മകൾ അവിഷ്ണയ്ക്ക് പ്ലസ് ടുവിന് മികച്ച വിജയം നേടാനായെങ്കിലും തുടർ പഠനം ഇത്തരം കോളേജുകളിൽ വേണ്ടെന്നു തീരുമാനിച്ച് നാട്ടിൽ തന്നെയുള്ള സ്വാശ്രയ കോളേജിലാണ് ചേർന്നതെന്ന് മഹിജ പറഞ്ഞു.
ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സ്ഥിരീകരിച്ച് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നെഹ്റുഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ്, കോളേജ് പിആർഒ സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകരായ പ്രദീപൻ, ദിപിൻ എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. തെളിവുകളുടെ അഭാവത്തിൽ ഇവർക്കെതിരേ കുറ്റംചുമത്താനാകില്ലെന്ന് കോടതിയിൽ സിബിഐ നൽകിയ അന്തിമറിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയാണ് മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നത്.
2017 ജനുവരി 6ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷയ്ക്കിടെ ഉച്ച കഴിഞ്ഞു 3 മണിയോടെ കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ പിടികൂടി പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിച്ചു. അവിടെ വച്ചാണ് കേസിലെ പ്രതികളായ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, സിപി പ്രവീൺ എന്നിവർ ജിഷ്ണുവിനെ രൂക്ഷമായി ശകാരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തുടർന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട മഹിജയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി, കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി. 2018 ജനുവരിയിലാണ് അന്വേഷണം അവർക്കു കൈമാറിയത്.
അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ച് 2017 ജൂൺ 15നു സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.