അബുദാബി: തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ബലംപ്രയോഗിച്ച് മതംമാറ്റിയിട്ടില്ലെന്നും വെളിപ്പെടുത്തി യുഎഇയിൽ എത്തിയ കോഴിക്കോട്ടുകാരി വിദ്യാർത്ഥിനി. തന്നെയാരും ഭീകരസംഘടനയിൽ ചേർത്തിട്ടില്ലെന്നും സിയാനി വ്യക്തമാക്കി. ഡൽഹിയിൽനിന്നു ഈ മാസം ആദ്യമാണ് സിയാനി ബെന്നി എന്ന പത്തൊമ്പതുകാരി യുഎഇയിൽ എത്തിയത്. പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോടുള്ള മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ഇവർ പരാതിപ്പെട്ടിരുന്നു.
എന്നാൽ, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയിൽ എത്തി മതം മാറിയതെന്നും ഐഷ എന്ന പേര് സ്വീകരിച്ചെന്നും വിദ്യാർത്ഥിനി പറയുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനെ വിവാഹം ചെയ്തെന്നും പ്രായപൂർത്തിയായ ആളാണെന്നും തീരുമാനമെടുക്കാൻ കഴിവുണ്ടെന്നും സിയാനി പറഞ്ഞു. ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളജിൽ വിദ്യാർത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസിൽ എത്തിയിരുന്നു. 18-ാം തീയതി അബുദാബിയിലേക്കു പോയ സിയാനി അവിടെയുള്ള പ്രവാസി ഇന്ത്യക്കാരനെ വിവാഹം കഴിച്ചു. ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായതെന്നാണ് വിവരം.
24-ന് അബുദാബിയിലെ കോടതിയിൽ താൻ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് സിയാനി ഇന്ത്യൻ സർക്കാരിനോടും ആവശ്യപ്പെട്ടു. മാതാപിതാക്കളും സഹോദരനും തന്നെ കാണാൻ അബുദാബിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും സിയാനി വിശദീകരിക്കുന്നു. വിവാഹം കഴിച്ച് യുഎഇയിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും സിയാനി പറഞ്ഞു.