ചാവക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ കാലിന് ചികിത്സ നടത്താന്‍ പണമില്ലാതെ വലഞ്ഞ യുവാവിന് തണലായത് ചാവക്കാട് താലൂക്ക് ആശുപത്രി. ലക്ഷങ്ങള്‍ ചെലവുവരുന്ന പ്ലാസ്റ്റിക് സര്‍ജറി താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി ചെയ്തുനല്‍കി. വാഹനാപകടത്തില്‍ കാല്‍പ്പാദത്തിലെ ചര്‍മ്മം നഷ്ടടപ്പെട്ട മണലൂര്‍ പാലാഴി കണിയാംപറമ്പില്‍ സുധീഷി(43)നാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.
മൂന്നുമാസം മുമ്പാണ് സുധീഷിന് വാഹനാപകടത്തില്‍ പരിക്കേറ്റത്. കാലില്‍ പൊട്ടലും മുട്ടിനുതാഴേയ്ക്ക് ചര്‍മ്മവും നഷ്ടപ്പെട്ട അവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സതേടിയത്. പ്രാഥമികഘട്ടത്തിലെ ചികിത്സയ്ക്കുതന്നെ 70,000 രൂപ ചെലവായി. കാലിലെ പൊട്ടലിനുള്ള ചികിത്സ മാത്രമാണ് അവര്‍ നടത്തിയത്. തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി നിര്‍ദേശിക്കുകയും ചെയ്തു.
രണ്ടുലക്ഷംരൂപയോളം ഇതിനായി ചെലവുവരുമെന്നതിനാല്‍ സാമ്പത്തിക പ്രയാസം നേരിടുന്ന സുധീഷും കുടുംബവും സര്‍ജറി നടത്താനാവാതെ വിഷമത്തിലായി. ചര്‍മ്മം നഷ്ടപ്പെട്ട പാദത്തില്‍ പഴുപ്പുബാധിക്കാനും തുടങ്ങി. സര്‍ജറി നടത്താതിരുന്നാല്‍ പഴുപ്പുകയറി പാദം മുറിച്ചുമാറ്റേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒടുവില്‍ അവസാന ശ്രമമായാണ് സുധീഷ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കാലില്‍ ചര്‍മ്മമില്ലാതെ ഗുരുതരമായ രീതിയില്‍ പഴുപ്പുബാധിച്ച് നടക്കാന്‍പോലും സാധിക്കാതിരുന്ന സുധീഷ് പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം പൂര്‍ണ ആരോഗ്യവാനായാണ് മടങ്ങിയത്.
സര്‍ജന്‍മാരായ ഡോ. സുമിന്‍ സുലൈമാന്റെയും ഡോ. ജയദേവന്റെയും നേതൃത്വത്തില്‍ രണ്ടുമണിക്കൂറുകൊണ്ടാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.