തിരുവനന്തപുരം: ‘പ്രിയ്യപ്പെട്ട പ്രശാന്ത് നിങ്ങള്‍ക്കു വേണ്ടി ഞങ്ങളുമെത്തും’ ഇത് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിന്റെ വാക്കുകളാണ്. വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പിന്തുണയുമായി സഹദ് മേപ്പാടി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. ഒപ്പം നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ജനപ്രതിനിധികളെന്നും അവര്‍ക്കാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം കുറിച്ചു.
ആ മണിക്കൂറുകളില്‍ നമ്മള് കേട്ട അനേകം നല്ല വാര്‍ത്തകളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. മേയര്‍ ബ്രോ, വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ലോഡുകണക്കിനു അവശ്യവസ്തുക്കള്‍ ദുരന്തഭൂമികളിലേക്ക് പ്രവഹിക്കുന്നു. പിന്നീട് കേരളം മുഴുവന്‍ അതേറ്റെടുക്കുന്നു. ഒന്നല്ല, എത്ര ലോഡ് സ്നേഹമാണു നാം അനുഭവിച്ചത്. സഹദ് കുറിച്ചു.
ആരാണു ജനപ്രതിനിധി എന്ന ചോദ്യത്തിനു പ്രാഥമികമായ് ഒരുത്തരമേ എനിക്ക് അറിയൂ അത് മേയര്‍ വികെ പ്രശാന്ത് ആണെന്ന് സഹദ് കൂട്ടിച്ചേര്‍ത്തു. വികെ പ്രശാന്ത് വിജയിക്കട്ടെ, ഒപ്പം നില്‍ക്കുന്നവര്‍ക്കാകട്ടെ വോട്ടെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയ്യപ്പെട്ട പ്രശാന്ത് നിങ്ങള്‍ക്കുവേണ്ടി ഞങ്ങളുമെത്തും. നിങ്ങള്‍ മറന്നിട്ടുണ്ടാകുമോ,ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ ദിവസങ്ങളിലെ വേദനകള്‍ മറക്കാന്‍ പുത്തുമലയിലെ ജനങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയാണു. പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികള്‍ നടന്നുവരുന്നു.വിപുലമായ പദ്ധതിയാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.എല്ലാവരുടെയും സഹായങ്ങള്‍ ഉപയോഗപ്പെടുത്തി നല്ല നാളെകളിലേക്ക് പുത്തുമലക്കാര്‍ക്ക് നടന്ന് പോവണം.
കേരളം പുതിയ രാഷ്ട്രീയ ശരികളെ എതിരേല്‍ക്കുകയാണ്. ദുരന്തങ്ങളിലാണു നമ്മള് നല്ല മനസ്സുകളെയും മനുഷ്യരേയും തിരിച്ചറിയുക.നമ്മളോര്‍ക്കുന്നില്ലേ ആ ദിവസങ്ങള്‍.എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ നമ്മള് ചിതറിപ്പോവുകയായിരുന്നു.ആശ്വാസത്തിന്റെ സ്നേഹത്തിന്റെ കരങ്ങള്‍ പ്രവഹിക്കുന്നതിന്റെ തൊട്ടുമുന്‍പ് നമ്മള് നേരിട്ട ആ നിമിഷങ്ങള്‍,ഇരുട്ട് മൂടിയ ആകാശത്തിനു കീഴില്‍ ഇനി എന്ത് എന്ന ചോദ്യം നിശബ്ദമായി പരസ്പരം കൈമാറിയത്.ആ ഞെട്ടലില്‍ നിന്ന് നിങ്ങള്‍ തനിച്ചല്ല എന്ന് തെളിച്ചു നമ്മള് ഒന്നിച്ച് സഞ്ചരിച്ചു. എത്ര പേര്,എത്ര സഹായങ്ങള്‍ (സമൂഹത്തിന്റെ നാന തുറയിലുള്ളവരുടെ സഹായം ലഭിച്ചു.)ആദ്യഘട്ടത്തില്‍ സഹായങ്ങളെത്തുന്നതില്‍ ചെറിയ കുറവുണ്ടായിരുന്നു. ആ മണിക്കൂറുകളില്‍ നമ്മള് കേട്ട അനേകം നല്ല വാര്‍ത്തകളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നായിരുന്നു. മേയര്‍ ബ്രോ,വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ലോഡുകണക്കിനു അവശ്യവസ്തുക്കള്‍ ദുരന്തഭൂമികളിലേക്ക് പ്രവഹിക്കുന്നു.
പിന്നീട് കേരളം മുഴുവന്‍ അതേറ്റെടുക്കുന്നു. ഒന്നല്ല,എത്ര ലോഡ് സ്നേഹമാണു നാം അനുഭവിച്ചത്. ആരാണു ജനപ്രതിനിധി എന്ന ചോദ്യത്തിനു പ്രാഥമികമായ് ഒരുത്തരമേ എനിക്ക് അറിയൂ.നിരവധി മനുഷ്യര്‍ കാണിച്ചുതന്ന മാതൃകയാണത്.വ്യക്തിപരമായി പറയാവുന്ന കാണിച്ചുതരാന്‍ കഴിയുന്ന ഒട്ടേറെ മനുഷ്യരെ ഇക്കാലത്തിനിടെ ഞാന്‍/നമ്മള് കണ്ടിട്ടുണ്ടല്ലോ.ദുരിതഭൂമികളില്‍ ഇപ്പോഴും നാം കാണാറുണ്ടല്ലോ അവരെ.ഒപ്പം നില്‍ക്കലുകളാണു ഒരു ജനപ്രതിനിധിയില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.അതാണു ആ ഉത്തരവും. നമ്മള് ഒരു തെരെഞ്ഞെടുപ്പ് കാലത്താണു,ആരെയാണു തെരെഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കുമുണ്ടാകും.അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുകയാണു.ജനം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുകയാണു.പാല ഒരു സൂചനയോ ആരംഭമോ ആണ്. നല്ലത് നടക്കട്ടെ.
വി കെ പ്രശാന്തിനോട് വ്യക്തിപരമായ കടപ്പാടുണ്ട് എനിക്ക്. ആ ദിവസങ്ങളിലെ ഒപ്പം നില്‍ക്കലിനാണത്.ഒരേ ആശയത്തില്‍ വിശ്വസിക്കുന്നു എന്ന അടുപ്പം കൂടിയുണ്ട്. അതിനെല്ലാം പുറമേ ആ മനുഷ്യന് നിയമസഭയിലെത്തണം എന്ന ആഗ്രഹം ഇപ്പോഴുണ്ട്.പാരസ്പര്യത്തിന്റെ മഹാമാതൃക കേരളത്തിനു കാണിച്ചുകൊടുത്ത പ്രാശാന്ത് നിയമസഭയില്‍ കേരളത്തിനു അഭിമാനമായിരിക്കും എന്നുറപ്പുണ്ട് എനിക്ക്. ഈ ദിവസങ്ങളിലൊന്നില്‍ പ്രശാന്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്.നേരില്‍ കണ്ട് നന്ദി പറയാനുള്ള കുറേ മനുഷ്യരില്‍ ഒരാളാണു അദ്ദേഹം. പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അടുത്ത ദിവസങ്ങളിലൊന്നിന് വട്ടിയൂര്‍ക്കാവില്‍ പോകാനാണു തീരുമാനം. വികെ പ്രശാന്ത് വിജയിക്കട്ടെ. ഒപ്പം നില്‍ക്കുന്നവര്‍ക്കാകട്ടെ വോട്ട്.
സഹദ്. പ്രസിഡന്റ്,മേപ്പാടി ഗ്രാമപഞ്ചായത്ത്, വയനാട്
Discussion about this post