കോന്നി: കോന്നി ഉപതെരഞ്ഞെടുപ്പിൽ തന്റെ നോമിനിയായി റോബിൻ പീറ്ററിന്റെ പേര് നിർദേശിക്കരുതായിരുന്നു എന്ന് പറഞ്ഞ് വിതുമ്പി അടൂർ പ്രകാശ് എംപി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ യുഡിഎഫ് കൺവെൻഷനിടെയായിരുന്നു വികാരഭരിതനായി അടൂർ പ്രകാശ് വേദിയിലെത്തിയത്. റോബിൻ പീറ്ററിനെ നോമിനിയായി നിർദേശിക്കരുതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായി അടൂർ പ്രകാശ് പറഞ്ഞു. മോഹൻരാജിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
”പാർട്ടി ചോദിച്ചപ്പോൾ ഞാൻ റോബിൻ പീറ്ററിന്റെ പേര് പറഞ്ഞുപോയി. ഇപ്പോൾ തോന്നുന്നുണ്ട് ആ പേര് പറയരുതായിരുന്നെന്ന്. പി മോഹൻരാജും ഞാനും സംഘടനാ തലത്തിൽ ഒന്നിച്ച് എത്രയോ കാലം ഒരുമിച്ച് പ്രവർത്തിച്ചതാണ്”, അടൂർ പ്രകാശ് പറഞ്ഞു. 1996-ൽ ആദ്യം എംഎൽഎ ആയതുമുതൽ മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. ആറ്റിങ്ങൽ എംപിയായാലും കോന്നി തന്റെ ഹൃദയത്തിലുണ്ടാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
സ്വന്തം നോമിനിയായ റോബിൻ പീറ്ററിനെ തഴഞ്ഞ് പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ കടുത്ത അതൃപ്തിയോടെ കൺവെൻഷൻ ബഹിഷ്‌കരിക്കാനൊരുങ്ങിയ അടൂർ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ടെത്തി അനുനയിപ്പിച്ച് കൺവെൻഷനിലെത്തിക്കുകയായിരുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎ അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിച്ചു സംസ്ഥാന നേതൃത്വം.
പ്രവർത്തകർ വലിയ സ്വീകരണമാണ് കൺവെൻഷൻ വേദിയിൽ അടൂർ പ്രകാശിന് നൽകിയത്. തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അടൂർ പ്രകാശിനെ വേദിയിലേക്ക് കൊണ്ടുവന്നു. വേദിയിൽ വച്ച് പി മോഹൻരാജ് അടൂർപ്രകാശിന് മുത്തം നൽകുകയും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.