ശബരിമല: അടിസ്ഥാന സൗകര്യമില്ലാതെ പമ്പ ഗവ ആശുപത്രി. കാനനപാതയില്‍ അയ്യപ്പഭക്തര്‍കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഏക ആശ്രയമായിരുന്നു ഈ ആശുപത്രി. എന്നാല്‍ പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കാതെ കിടക്കുകയാണ് ഈ ആശുപത്രി.
നാല് നിലയുള്ള ആശുപത്രി കെട്ടിടത്തില്‍ നാലാം നിലയിലാണ് ഡോക്ടറുടെ പരിശോധനാമുറി പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ മരുന്നുകളുണ്ടെങ്കിലും ഒന്നും തന്നെ മെഡിക്കല്‍ സ്റ്റോറിലേക്ക് എത്തിച്ചിട്ടില്ല. എല്ലാ മരുന്നുകളും കൊണ്ടുവന്ന് ഇറക്കിയ നിലയില്‍ തന്നെയാണ് ഇപ്പോഴും.
മണ്ഡലകാല പൂജയ്ക്കായി അയ്യപ്പഭക്തര്‍ ശബരിമലയില്‍ എത്തിത്തുടങ്ങിയെങ്കിലും ആശുപത്രി ഇപ്പോഴും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമല്ല. ഇപ്പോഴും ആശുപത്രിയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എക്‌സറെ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ മാസം അവസാനത്തോട് കൂടി മാത്രമേ ആശുപത്രി കെട്ടിടത്തിലേക്ക് ഹൈടെന്‍ഷന്‍ കണക്ഷന്‍ നല്‍കാന്‍ കഴിയൂവെന്നാണ് കെഎസ്ഇബി അറിയിച്ചെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ഇവിടെ ആകെ മൂന്ന് കിടക്കമാത്രമേയുള്ളൂ. എന്നാല്‍ ആശുപത്രിയിലെ 90 ശതമാനം ജോലിയും കഴിഞ്ഞെന്നാണ് പത്തനംതിട്ട ഡിഎംഒ പറഞ്ഞത്.