കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ കുരുക്ക് മുറുകുന്നു. സൂരജിനെതിരെ വിജിലന്‍സിന് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. പാലം പണി നടക്കുന്ന സമയത്ത് കോടികളുടെ സ്വത്ത് വാങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് കോടി രൂപയുടെ സ്വത്ത് ടിഒ സൂരജ് മകന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ അതില്‍ രണ്ട് കോടിയില്‍ മേലെ കള്ളപ്പണമാണെന്നും കണ്ടെത്തി.
ഇതോടെ സൂരജിന്റെ കുരുക്ക് മുറുകുകയാണ്. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ അന്വേഷിക്കുമ്പോഴാണ് സൂരജിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുന്നത്. സംഭവത്തില്‍ വികെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കും അന്വേഷിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പാലം അഴിമതിയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം.
പാലത്തിന്റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് ടിഒ സൂരജ് ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിക്കുകയും ചെയ്തു. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഇതാണ് ഇപ്പോള്‍ കുരുക്കായി മാറിയത്.
Discussion about this post