കൊച്ചി: മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ നിരാഹാര സമരം അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിനകം ഒഴിഞ്ഞുപോകുമെന്നും അറിയിച്ചു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോകാമെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ചു. ചര്‍ച്ചയ്ക്കു ശേഷം നിമിഷങ്ങള്‍ക്കകം തന്നെ ഫ്‌ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും താത്കാലികമായി പുനഃസ്ഥാപിച്ചു.
521 താല്‍കാലിക താമസ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കി. താത്കാലിക താമസ സ്ഥലത്തിന്റെ വാടക സര്‍ക്കാര്‍ നല്‍കുമോ എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
നഷ്ടപരിഹാരമായ 25 ലക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. മൂന്നംഗസമിതി ഫ്ളാറ്റുകളുടെ മൂല്യനിര്‍ണയം നടത്തും. അടഞ്ഞു കിടക്കുന്ന ഫ്‌ലാറ്റുകളിലെ സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സൂക്ഷിക്കും. ഫ്‌ലാറ്റ് ഉടമ ജയകുമാര്‍ രാവിലെ തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു. ആല്‍ഫാ സെറിന്‍ ഫ്‌ലാറ്റില്‍ നിന്ന് രാവിലെ മുതല്‍ തന്നെ താമസക്കാര്‍ മാറി തുടങ്ങി.