കൊച്ചി: ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ പ്രവേശക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെസുരേന്ദ്രന് വ്യക്തമാക്കി. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയും. സമാധാനപരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പോലീസുകാരെയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ എന്തും നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്. എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണെന്നും സുരേന്ദ്രന് പ്രതികരിച്ചു. തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പിണറായി വിജയന് തന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post