തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ തന്നെ എത്തുമെന്നാണ് അവസാന നിമിഷം വരെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കുമ്മനത്തിന്റെ പേര് ഇല്ല. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷിനെയാണ് നേതൃത്വം കണ്ടെത്തിയത്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുമ്മനം രാജശേഖരന്‍.
തന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമെന്ന് കരുതുന്നില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ സ്വീകരിക്കുമെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണെന്നും സുരേഷിന്റെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്നും കുമ്മനം തുറന്ന് പറഞ്ഞു.
‘സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് എസ് സുരേഷ്. ജനസേവനത്തിന് ഏത് സ്ഥാനവും ഉപയോഗപ്പെടുത്താം. അതിന് ഒരു പ്രത്യേക സ്ഥാനം വേണമെന്ന് നിര്‍ബന്ധമില്ല. എസ്‌സുരേഷിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് എന്ത് കാരണം കൊണ്ടാണെങ്കിലും ശിരസാവഹിക്കുന്നു’ കുമ്മനം പറയുന്നു.
Discussion about this post