റേഷന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി നാളെ; ഇല്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഭക്ഷ്യധാന്യങ്ങളില്ല

ചുവപ്പ്, നീല മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 30ന് ശേഷം ഭക്ഷ്യധാന്യം ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നാളെ. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ചുവപ്പ്, നീല മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് 30ന് ശേഷം ഭക്ഷ്യധാന്യം ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അന്ത്യോദയ മഞ്ഞ കാര്‍ഡില്‍ ആനുകൂല്യത്തിന് അര്‍ഹരായവരും ആധാര്‍ ബന്ധിപ്പിക്കണം. നേരത്തെ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ വീണ്ടും ചെയ്യേണ്ടതില്ല. അനര്‍ഹരെ ഒഴിവാക്കാനും ഏത് റേഷന്‍ കടയില്‍നിന്നും റേഷന്‍ വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടബിലിറ്റി സംവിധാനം വിനിയോഗിക്കാനും ഇതിലൂടെ സാധിക്കും.

ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയിലെത്തിയാല്‍ ഇ പോസ് മെഷീന്‍ വഴി ആധാര്‍ ബന്ധിപ്പിക്കാനാകും. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൗകര്യം ലഭ്യമാണ്.

Exit mobile version