കാസര്‍കോട്: 60-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ നടക്കുന്നത് കാസര്‍കോട് ജില്ലയില്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് കലോത്സവം നടക്കുന്നത്. നീണ്ട ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടക്കാന്‍ പോവുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന് ആണ് കമ്മിറ്റി ചെയര്മാന്. മന്ത്രി ചെയര്‍മാനായി ഇരുപത്തിയൊന്ന് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. മുപ്പത് വേദികളില്‍ ആയിട്ടാണ് കലോത്സവം നടക്കുന്നത്. 289 ഇനങ്ങളിലായി പതിനാലായിരത്തോളം പ്രതിഭകളാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ പോവുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി കാഞ്ഞങ്ങാട് ഐങ്ങോത്താണ്. ഇത്തവണ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചും ഭിന്നശേഷി സൗഹൃദപരവുമായാണ് നടത്തുന്നത്. ഇതിനു പുറമെ ഉന്നത വിദ്യാഭ്യാസ മേഖലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന എക്സിബിഷനും സെമിനാറും കലോത്സവത്തോട് അനുബന്ധമായി നടത്തും.