കൊച്ചി: പിറവം പള്ളിത്തർക്കത്തിൽ ഒടുവിൽ സുപ്രീംകോടതിയുടെ വിധി നടപ്പാക്കി ഓർത്തഡോക്സ് വിഭാഗം. പ്രതിഷേധങ്ങളില്ലാതെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തി. ഓർത്തഡോക്സ് വൈദികന്റെ കാർമികത്വത്തിൽ കുർബാന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പള്ളിയിൽ കുർബാന നടത്താൻ ഹൈക്കോടതി ഇന്നലെ ഓർത്തഡോക്സ് വിഭാഗത്തിന് അനുമതി നൽകിയിരുന്നു.
അതേസമയം പ്രതിഷേധമറിയിച്ച് യാക്കോബായ വിഭാഗം റോഡിൽ പ്രാർത്ഥന നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളി പരിസരത്ത് കർശന പോലീസ് സുരക്ഷയാണുള്ളത്. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ലെങ്കിലും പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കളക്ടറുടെയും പോലീസിന്റെയും മുൻകൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം.
ഇനി ഒരു ഉത്തരവുണ്ടാകും വരെ ജില്ലാകളക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടർ എസ് സുഹാസ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഏഴുമണിക്കാണ് ഓർത്തഡോക്സ് വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന ചടങ്ങുകൾ ആരംഭിച്ചത്. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം.
Discussion about this post