പാലക്കാട്: അസുഖബാധിതയായ ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി പോയ പാലക്കാട് ഗവ. വിക്’േടാറിയ കോളജ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.
അട്ടപ്പാടി സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടിയെയാണ് ഹോസ്റ്റല്‍ വാര്‍ഡനും റസിഡന്റ് അധ്യാപകനും ആശുപത്രിയില്‍ തനിച്ചാക്കി തിരിച്ചുപോയതെന്നാണ് ആരോപണം.
സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച ഹോസ്റ്റല്‍ വാര്‍ഡനും റസിഡന്റ് ടീച്ചറും ഒരു സുഹൃത്തും ചേര്‍ന്നാണ് പാലക്കാട് ഗവ. ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ട പ്രകാരം കുട്ടിയെ അധ്യാപകര്‍ അവിടെ എത്തിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ തനിച്ചാക്കി രക്ഷിതാക്കള്‍ എത്തുന്നതിനു മുമ്പ് അധ്യാപകര്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയെന്നാണ്് വിദ്യാര്‍ഥിനികളുടെ ആരോപണം.
കൂടെ പോയ സുഹൃത്തിനെയും പെണ്‍കുട്ടിക്കൊപ്പം നില്‍ക്കേണ്ടെന്നു പറഞ്ഞ് അധ്യാപകര്‍ തിരിച്ചെത്തിച്ചെന്നാണ് ആരോപണം. അട്ടപ്പാടിയില്‍ നിന്ന് കുട്ടിയുടെ ബന്ധുക്കള്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞാണ് അധ്യാപകര്‍ തിരിച്ചുപോയത്. ഇക്കാര്യം അധ്യാപകരോട് ചോദിച്ചപ്പോള്‍, പെണ്‍കുട്ടിയെ എസ്‌സി പ്രൊമോട്ടറെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ എത്തുമെന്നുമായിരുന്നു മറുപടി.
എന്നാല്‍ വിദ്യാര്‍ഥിനികള്‍ എസ്സി പ്രൊമോട്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം തെറ്റാണെന്നു മനസ്സിലായതോടെയാണ് പ്രതിഷേധവുമായെത്തിയത്. വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. വഴിയില്‍ കളയാന്‍, തെരുവില്‍ തിരയാന്‍, നായകളല്ല, മാടുകളല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണു വിദ്യാര്‍ഥിനികള്‍ വിളിച്ചത്.
അധ്യാപകര്‍ ആരും തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ആശുപത്രി അധികൃതരാണ് വിവരം അറിയിച്ചതെന്നുമാണ് ട്രൈബല്‍ ഹെല്‍ത്ത് പ്രെമോട്ടര്‍ ബിനേഷ് അറിയിച്ചത്. മാത്രമല്ല, താന്‍ ആശുപത്രിയില്‍ എത്തുംമുമ്പേ അധ്യാപകര്‍ തിരിച്ചുപോയെന്നും അദ്ദേഹം പറയുന്നു. അസുഖം കാരണം സ്ഥിരമായി മരുന്നു കഴിക്കുന്ന വിദ്യാര്‍ഥിനിക്ക് കുറച്ചു ദിവസങ്ങളായി മരുന്ന് മുടങ്ങിയതിനാലാണ് രോഗം മൂര്‍ച്ഛിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നത്.
Discussion about this post