തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലി ബിജെപിയില്‍ അനിശ്ചിതത്വം. കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിനു നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ കുമ്മനം സമ്മതിച്ചതായും രാജഗോപാല്‍ അറിയിച്ചു. പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂര്‍ക്കാവില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് ഒ രാജഗോപാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
എന്നാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആര്‍എസ്എസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഇത് ഒരു വിഭാഗം ബിജെപി നേതാക്കള്‍ അംഗീകരിച്ചേക്കില്ല.
അതേസമയം, മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നല്‍കിയ പട്ടികയില്‍ കേന്ദ്ര നേതൃത്വം തിരുത്തലുകള്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.