തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാത്ഥിയായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലാണ് അറിയിച്ചത്.
മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കുമ്മനം അറിയിച്ചിരുന്നെങ്കിലും വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മതിയെന്ന്
നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിലവില്‍ എറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് നേതൃത്വം കുമ്മനത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ബിജെപി എപ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് അറിയിപ്പ് വന്നതോടെ ഇക്കുറിയും ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കെ മോഹന്‍ കുമാറാണ് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ് ഇടത് സ്ഥാനാര്‍ത്ഥി.
വട്ടിയൂര്‍ക്കാവില്‍ 2011ലും 2016ലും ശക്തമായ മത്സരമാണ് നടന്നത്. കഴിഞ്ഞ രണ്ട് തവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016ല്‍ കെ മുരളീധരന്റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം കോണ്‍ഗ്രസിനായിരുന്നെങ്കിലും അവിടെയും രണ്ടാം സ്ഥാനം കുമ്മനത്തിനായിരുന്നു.
Discussion about this post