പത്തനംതിട്ട: പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. പി മോഹൻരാജ് കോന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വീണ്ടും അതൃപ്തി പരസ്യമാക്കി എംപി അടൂർ പ്രകാശ് രംഗത്തെത്തി. തന്റെ ഇഷ്ടക്കാരനായ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിലെ അസംതൃപ്തിയാണ് അടൂർ പ്രകാശ് പരസ്യമാക്കിയത്.
കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചോ എന്നറിയില്ല. പി മോഹൻരാജിന്റെ പേര് ചാനലുകളിൽ കണ്ടു. പൊതുസമ്മതനെന്ന നിലയിലാണ് റോബിൻ പീറ്ററിന്റെ പേര് നിർദേശിച്ചത്. കൂട്ടായി തീരുമാനമെടുത്താൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, അരൂരിൽ തന്റെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയതോടെ ഷാനിമോൾ ഉസ്മാനും പ്രതികരണവുമായി രംഗത്തെത്തി. സ്ഥാനാർത്ഥി നിർണയത്തിൽ പല പേരുകളും ഉയർന്നു വരുമെങ്കിലും നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് ഷാനി മോൾ ഉസ്മാൻ വ്യക്തമാക്കി. നേതൃത്വത്തിലുള്ള മുഴുവൻ ആളുകളുടേയും പിന്തുണ തനിക്കുണ്ടെന്നും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ പറഞ്ഞു.
ഇതിനിടെ, ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്ത് കെവി തോമസ് രംഗത്തെത്തി. എറണാകുളത്ത് വിനോദിന്റെ വിജയത്തിനായി പ്രവർത്തിക്കും. സ്ഥനാർത്ഥിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രവർത്തിക്കാൻ ഒരു സ്ഥാനം മാത്രമാണു ചോദിച്ചതെന്നും കെവി തോമസ് പറഞ്ഞു.
Discussion about this post