ആലപ്പുഴ: പാലായിലെ ഉപതെരഞ്ഞെടുപ്പ് വിജയം മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് സമ്മതിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഈ വിജയത്തോടെ പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപല കയാണെന്ന് പലരും പറഞ്ഞിരുന്നു. ഇത് അംഗീകരിക്കുകയാണെങ്കില്‍ ഈ വിജയം അങ്ങനെ തന്നെ കാണണമെന്ന് അദ്ദേഹം തുറന്നടിച്ചു.
കാപ്പന്റെ വിജയം വെള്ളാപ്പള്ളിയുടെയോ എസ്എന്‍ഡിപിയുടെയോ മാത്രം നിലപാട് കൊണ്ടുള്ള വിജയമല്ല. പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബിഷപ്പിനും കേരള കോണ്‍ഗ്രസിനോട് താല്പര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ല എന്ന് അണികള്‍ പോലും പറഞ്ഞു. അവരെല്ലാം കാപ്പന് വിജയിക്കുമെന്ന് പറഞ്ഞു. അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന വികാരം പാലായിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
‘പാലായില്‍ ബിജെപിക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോ എന്ന് പരിശോധിക്കണം. അഖിലേന്ത്യാതലത്തില്‍ ബിജെപിയെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. കേരളത്തില്‍ ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ല. കൂട്ടായ്മയില്ല, എന്‍ഡിഎയിലെ ഘടകക്ഷികളെ അവര്‍തന്നെ പുറത്തുചാടിക്കാന്‍ നോക്കുന്നു. പാലായില്‍ വോട്ട് മറിച്ചെന്ന് പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തു. എന്നാല്‍ അതിന്റെ കുറ്റം ബിഡിജെഎസിനുമേല്‍ ചാര്‍ത്തി. ബിഡിജെഎസ് വോട്ടുമറിച്ചെന്ന് പറഞ്ഞു. ബിജെപി കൂടെനില്‍ക്കുന്നവരെ നുള്ളിയും മാന്തിയും കളിക്കുകയാണ്’ വെള്ളാപ്പള്ളി വിമര്‍ശിച്ചു.