അര്‍ബുദത്തോട് പോരാടി രണ്ട് തവണ വിജയം വരിച്ചു; ചികിത്സയ്ക്കിടെ ടിസിഎസിലെ ജോലി നഷ്ടമായി, അച്ഛന്‍ രോഗക്കിടയിലും; ഒടുവില്‍ ഉപജീവനത്തിനായി കൊച്ചിയില്‍ സുഹൃത്തിനൊപ്പം ചായവിറ്റ് ഈ വനിതാ എഞ്ചിനീയര്‍!

വിജയത്തിനിടയിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വേദനിപ്പിക്കുന്ന ഒട്ടേറെ ജന്മങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്.

കൊച്ചി: ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികള്‍ ജീവിതത്തെ തലകീഴ് മറിച്ചേക്കാം. അതിജീവനത്തിനിടയില്‍ പലതും നഷ്ടമാവുകയും ചെയ്യും. പിന്നീട് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട ദുര്‍ഗതിയില്‍ ജീവിതം നമ്മെ കൊണ്ടെത്തിക്കും, വിജയത്തിനിടയിലും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വേദനിപ്പിക്കുന്ന ഒട്ടേറെ ജന്മങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇവരില്‍ ഒരാളാണ് അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് രണ്ടു തവണ ജയിച്ച ഈ യുവതി.

പ്രതിബദ്ധങ്ങളെ കരുത്താക്കി ജീവിതത്തോട് പോരാടിയ കഥയാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിയായ അനില തോമസിന്റേത്. കോയമ്പത്തൂര്‍ ടിസിഎസിലെ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായിരുന്ന അനില ഇപ്പോള്‍ കൊച്ചിയില്‍ തന്തൂരി ചായ വില്‍ക്കുകയാണ്. ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിലെ സിഎംഎഫ്ആര്‍ഐയ്ക്ക് മുന്നില്‍ ഒരു തട്ടുകട. ജീവിതത്തെ ഉലച്ച സംഭവങ്ങളോട് പൊരുതിയാണ് 34-കാരിയായ അനില ഇവിടെയെത്തിയത്.

രക്താര്‍ബുദം തളര്‍ത്തിയതും ചികിത്സയ്ക്കായി ജോലി ഉപേക്ഷിക്കേണ്ടിവന്നതും എല്ലാമായ അച്ഛന്‍ രോഗക്കിടക്കയിലായതുമെല്ലാം ഒരുമിച്ചായിരുന്നു. ചികിത്സയും അച്ഛന്റെ അവസ്ഥയും കുടുംബത്തെ തളര്‍ത്തിയെങ്കിലും അവര്‍ ചെറു പുഞ്ചിരിയോടെ അതിനെയെല്ലാം അതിജീവിച്ചു. പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണവും മറ്റു ചില്ലറ ബിസിനസുകളും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അവര്‍ സാധാരണജീവിതം തിരികെപ്പിടിച്ചു.

പക്ഷേ, പച്ചപിടിച്ചുവന്ന ജീവിതത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ക്ക് കരളില്‍ അര്‍ബുദം ബാധിച്ചു. സ്വകാര്യ ആശുപത്രികളില്‍ മാറിമാറി ചെയ്ത ചികിത്സകള്‍. ആരും തളര്‍ന്നുപോകുന്ന ദിവസങ്ങള്‍. എങ്കിലും പ്രതീക്ഷ വിട്ടില്ല. ഒടുവില്‍ തിരുവനന്തപുരം ആര്‍സിസിയില്‍ കരളില്‍ ശസ്ത്രക്രിയ നടത്തി.

ഇനിയെന്തെന്നുള്ള ആശങ്കയിലിരിക്കേയാണ് നൂറുല്‍ ഇമാനെന്ന സുഹൃത്തിന്റെ കടന്നുവരവ്. സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കിടെ പരിചയപ്പെട്ട കുറച്ച് കഥയെഴുത്തൊക്കെയുള്ളയാള്‍. നൂറുള്‍ അവരില്‍ കണ്ടത് ആത്മവിശ്വാസത്തിന്റെ കടലായിരുന്നു. അങ്ങനെയാണ് തന്തൂരി ചായയെന്ന ആശയവുമായി നൂറുലും അനിലയും കൊച്ചിയിലെത്തുന്നത്. ബിസിനസ് തകര്‍ന്ന് കഷ്ടസ്ഥിതിയിലായ തൃശ്ശൂര്‍ സ്വദേശി നൂറുളിന് ചായ എന്നും ഭ്രാന്തായിരുന്നു. തന്തൂരി ചായക്കട എന്ന ആശയം യൂട്യുബ് വീഡിയോയില്‍ നിന്നാണ് ലഭിച്ചത്.

കടം വാങ്ങിയും ചില്ലറത്തുട്ടുകളും കൊണ്ടാണ് മൂന്നാഴ്ച മുന്‍പ് റോഡരികില്‍ അവര്‍ മുളയില്‍ തീര്‍ത്ത ചായക്കടയുണ്ടാക്കിയത്. എട്ടുതരം മസാലകളിട്ട് തയ്യാറാക്കുന്ന തന്തൂരി ചായ മണ്‍കോപ്പകളിലാണ് നല്‍കുന്നത്. ഒന്നിന് 30 രൂപ. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം മണ്‍കോപ്പകളില്‍ ചെടികള്‍ നട്ട് അവ 10 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നല്ല തിരക്കാണിവര്‍ക്ക്. ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 11 വരെയാണ് സമയം.

ഇടിയിറച്ചി സ്നാക്സായി കൊടുക്കുന്നതും ആലോചിക്കുന്നുണ്ട്. ‘റോഡരികിലെ തട്ടുകട എപ്പോള്‍ വേണമെങ്കിലും ഒഴിയേണ്ടിവരും. താമസിക്കാനും സുരക്ഷിതമായൊരിടം വേണം. ഒരു കടമുറി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്’ – അനില പറയുന്നു.

Exit mobile version