ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് തലക്കെട്ട് നൽകി ബൈക്കിൽ മരണം തേടി പോയി അവനും; കണ്ണീർ കുറിപ്പ്

അപകടരമായ ഡ്രൈവിങിനെ പ്രോത്സാഹിപ്പിച്ച് കൈയ്യടിച്ച് ആഘോഷമാക്കുമ്പോൾ വരാനിരിക്കുന്ന വലിയ

കൊച്ചി: ചെറിയ പ്രായത്തിലെ വാശിക്ക് വഴങ്ങി കുഞ്ഞുങ്ങൾക്ക് ബൈക്കും അനാവശ്യമായി വാഹനങ്ങളും നൽകി അവരെ മരണത്തിലേക്ക് തള്ളി വിടുന്നവരോട് സൂക്ഷിക്കണമെന്ന് ഉപദേശിച്ച് വൈറലായി ഈ കുറിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകി അവരെ ദുരന്തത്തിലേക്ക് തള്ളി വിടുമ്പോൾ അല്ലെങ്കിൽ അപകടരമായ ഡ്രൈവിങിനെ പ്രോത്സാഹിപ്പിച്ച് കൈയ്യടിച്ച് ആഘോഷമാക്കുമ്പോൾ വരാനിരിക്കുന്ന വലിയ ദുരന്തം കൂടി കാണാതെ പോകരുതെന്ന് ഈ ഫേസ്ബുക്ക് കുറിപ്പ് ഓർമ്മിപ്പിക്കുന്നു.

അതിവേഗത്തിൽ വാഹനമോടിച്ചും ബൈക്കിനെ തലകുത്തി നിർത്തുന്ന പോലുള്ള സാഹസിക റൈഡുകൾ നടത്തിയും ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത, പിന്നീട് മരണം തേടിയെത്തിയ പ്ലസ്ടു വിദ്യാർത്ഥി ശ്രീരാഗിനെ ഓർത്തുകൊണ്ടാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥിയെക്കുറിച്ച് നൂറനാട് ജയപ്രകാശ് എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഇങ്ങനെ:

റൈഡർ..

ചെറുപ്പത്തിലേ മക്കൾക്ക് വിലകൂടിയ ബൈക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളോടൊരു വാക്ക്.നിങ്ങൾ ഒരിക്കലെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടാകും തീർച്ച. അങ്ങനെ ചിന്തിക്കാൻ പല സന്ദർഭങ്ങളും ഉണ്ടായേക്കാം. അതിപ്പോ, അവൻ രാത്രിയിൽ വീട്ടിൽ വരാൻ താമസിച്ചപ്പോളാകാം. അല്ലെങ്കിൽ അവൻ അവന്റെ രണ്ട് കുട്ടൂകാരേക്കൂടി പിറകിലിരുത്തി പോകുന്നത് നിങ്ങൾ കാണുമ്പോഴാകാം. അതുമല്ലെങ്കിൽ അവൻ അതിവേഗത്തിൽ വണ്ടി ഓടിക്കുന്നു എന്ന് ആരെങ്കിലും പറയുമ്പോഴാകാം. അല്ലെങ്കിൽ പെട്രോളിനോ, വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കോ നിങ്ങളോട് കാശ് ചോദിക്കുമ്പോളാകാം.

അതുമല്ലെങ്കിൽ അപകടത്തിൽപ്പെട്ട് അവൻ ആശുപത്രിയിൽ കിടന്നപ്പോഴാകാം.ഇല്ലേ, അങ്ങനെ നിങ്ങൾക്ക് തോന്നിയിട്ടില്ലേ, ഉണ്ട്..തോന്നിയിട്ടുണ്ട് അതാണ് സത്യം.

21 വയസ്സുവരെ ഒരു കുഞ്ഞിനേ വളർത്തിയെടുക്കുന്ന മാതാപിതാക്കൾക്ക് അവനിൽ അല്ലെങ്കിൽ അവളിൽ എന്തെല്ലാം പ്രതീക്ഷകളുണ്ടാകും. വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബം, വീട്……. അങ്ങനെ … അങ്ങനെ..

മരണം ഒരിക്കൽ വരും എന്നെയും നിന്നെയും തേടി ,അവരെയും ഇവരെയും തേടി. അതെല്ലാവർക്കുമറിയാം.എന്നാൽ അത് നമ്മൾ വാങ്ങിക്കൊടുത്ത ആ വണ്ടിയുടെ രൂപത്തിലായിരുന്നു എന്നറിയുന്ന നിമിഷം എന്തായിരിക്കും നമ്മുടെ മനസ്സിൽ. വാട്ട്സാപ്പിൽ കിട്ടിയ ഒരു പേപ്പർ കട്ടിംഗും ഒരു ചിത്രവുമാണ് ഈ കുറിപ്പിനാധാരം. ഈ 21 കാരന്റെ വിയോഗം എനിക്കോ നിങ്ങൾക്കോ ഒരു നഷ്ടവുമില്ല. നഷ്ടങ്ങൾ അവർക്കാണ് ഇവനേ പെറ്റ് പോറ്റിയവർക്ക്. ബൈക്കിൽ മാന്ത്രിക വിദ്യകൾ കാണിക്കുന്നത് ഇപ്പോഴത്തേ കുട്ടികൾക്കിടയിൽ ഒരു ഹരമായി മാറിയിരിക്കുകയാണ്.

ദേ.. ഇവനും അവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു. താനിട്ട പോസ്റ്റിന് താഴെ കൂട്ടുകാരെന്ന് പറയുന്നവരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ വീണ്ടും ഉയരങ്ങളിലെത്താനവൻ കൊതിച്ചു. ആദ്യമിട്ട പടത്തിന് 1.2K ലൈക്ക് കിട്ടിയപ്പോൾ അവനതിലും വലിയ സാഹസികതകൾ തേടി. അതിനടിയിലെ കമണ്ടുകൾ അവനേ കോരിത്തരിപ്പിച്ചു.

വോവ്..മുത്തേ…ഇജ്ജ് പുലിയാട്ടോ, ഇവനാണ് റൈഡർ, പൊളിച്ചു… മച്ചാ, തകർത്തളിയാ, ഹോ…. അപാര ചങ്കുറപ്പാ..അങ്ങനെ പോകുന്നു കമണ്ടുകളുടെ നിരകൾ. ഇടയിൽ ആരോ ഒരു കമണ്ടിട്ടു. കുഞ്ഞേ…. അരുത് വാഹനം യാത്ര ചെയ്യാനുള്ളതാണ് അല്ലാതെ അഭ്യാസത്തിനുള്ളതല്ല… അപകടമാണത്. നീ, മാത്രമല്ല എതിരേ വരുന്ന കാൽനടക്കാർക്കും, സൈക്കിൾ യാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഒക്കെ അപകടമാണ്.നമുക്കിത് വേണ്ടാട്ടോ..

അടുത്ത പോസ്റ്റിൽ അവനെഴുതി, “ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല “

കുഞ്ഞേ പ്രോത്സാഹിപ്പിച്ചവർക്ക് നിനക്കൊരു ആദരാഞ്ജലി നേർന്നു പോകാം.പക്ഷേ വേണ്ടപ്പെട്ടവർക്ക് നീ നൽകിയത് തീരാ ദു:ഖമാണ്. ചീറിപ്പായുമ്പോഴും, റോഡിൽ അഭ്യാസങ്ങൾ കാണിക്കുമ്പോഴും ചിലരത് ആസ്വദിക്കുമെങ്കിലും ഏറെപ്പേരും മനസ്സിൽ ശപിക്കുന്നുണ്ടാകും.

കാലന്റെ പോക്ക് കണ്ടോ…..? ഇവനെന്താ വായൂഗുളികയ്ക്ക് പോവാണോ….? എവിടേലും വീണ് കാലൊടിഞ്ഞ് കിടക്കുമ്പോ അറിഞ്ഞോളും. ചന്തിക്കീഴിലൊരു വണ്ടിയുണ്ടേൽ പിന്നെ ഇവനൊന്നും നിലത്തല്ല. അങ്ങനെ പല കമണ്ടുകളും നാം കേൾക്കാറ് പതിവാണ്. എന്തിനാ വെറുതേ ഈ പ്രാക്കുകൾ വാങ്ങുന്നത്. ഒരമ്മ മക്കളേ ഒരുക്കി സ്കൂളിൽ വിടുമ്പോൾ അവരോട് പറയുന്നത് ഇത്രമാത്രം. മക്കളേ…. സൂക്ഷിച്ച് പോകണേ കുറേ തലതെറിച്ച പിള്ളേര് വണ്ടീം കൊണ്ടിറങ്ങീട്ടുണ്ട് റോഡിൽ അഭ്യാസം കാണിക്കാൻ, നോക്കിം കണ്ടും ഒക്കെ പോണേ കുഞ്ഞേ…

എന്റെ വീടിനടുത്ത് പത്ത് വയസ്സു മുതൽ ഒരു പയ്യൻ ഇരുചക്ര വാഹനം പറത്തുന്നത് ഞാൻ കാണുന്നുണ്ട്. അതും അതിവേഗത്തിൽ. അവന്റെ വീട്ടുകാർ അതിന് സപ്പോർട്ടുമാണ്. ഒരിക്കലവനോട് ആരോ പറഞ്ഞു മോനേ, ഇത്ര സ്പീഡിൽ വണ്ടി ഓടിക്കരുത് അപകടമാണ്.
അതിന് അവൻ പറഞ്ഞ മറുപിടി കേൾക്കണോ? ഏതായാലും ഒരുദിവസം ചാകും പിന്നെന്തിനാ പേടിക്കുന്നത്…? ഇപ്പോൾ അവൻ കാറും അതിവേഗത്തിൽ ഓടിക്കുന്നുണ്ട് അവന്റെ പ്രായമോ… 13 വയസ്സ്. അവന്റെ അച്ഛനാണേൽ അതിന് കട്ട സപ്പോർട്ടും.

ആ നമുക്കെന്ത് ചേതം എന്നുംപറഞ്ഞ് പോകാം, പക്ഷേ അവരോടിക്കുന്ന പാതയിലൂടെയല്ലേ നമ്മുടെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്നതും വയസ്സായ അച്ഛനമ്മമാർ നടന്നു പോകുന്നതും അതുകൊണ്ട് പറഞ്ഞു പോയതാ. ഉപദേശമല്ല മക്കളേ. ഒരപേക്ഷയാണ്തെറ്റാണെങ്കിൽ പൊറുക്കണേ.

നൂറനാട് ജയപ്രകാശ്

Exit mobile version