തിരുവനന്തപുരം: വിൽപ്പന കഴിഞ്ഞ് അടച്ചിട്ട തട്ടുകട തുറന്ന് ഭക്ഷണം കഴിച്ച ഡിജിപി ഓഫീസിലെ എസ്ഐയും സംഘവും പണം നൽകാതെ ഭീഷണിപ്പെടുത്തിയെന്നും പിറ്റേന്ന് കട പൂട്ടിച്ചെന്നും പരാതിപ്പെട്ട് യുവാക്കൾ. ഭക്ഷണം കഴിച്ച പോലീസുകാരോട് പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണി മുഴക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തതിന്റെ പ്രതികാരമായി പിറ്റേദിവസം സഞ്ചരിക്കുന്ന തട്ടുകട പോലീസെത്തി പൂട്ടിച്ചെന്നുമാണ് മുഖ്യമന്ത്രിക്ക് ഉൾപ്പടെ എഞ്ചിനീയറിങ് ബിരുദധാരികളാ യുവാക്കൾ നൽകിയിരിക്കുന്ന പരാതി. പരുത്തിപ്പാറയിൽ സ്ഥലവാസികളായ അഖിലും അരവിന്ദും നടത്തുന്ന ഫാസ്റ്റ് ഫുഡ് കടയാണ് പോലീസ് പൂട്ടിച്ചത്.
കടതുറന്നു കിട്ടാനും പോലീസിന്റെ പ്രതികാര നടപടി അവസാനിപ്പണമെന്ന് ആവശ്യപ്പെട്ടും യുവാക്കളും വ്യാപാരിവ്യവസായി സമിതി ജില്ലാനേതാക്കളും മുഖ്യമന്ത്രിക്കു പരാതി നൽകി.
‘രാത്രി 12നു കടയടച്ച നേരം എസ്ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ടു കട തുറപ്പിച്ചു. തങ്ങൾക്കു കഴിക്കാനായി മാറ്റിവച്ച ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇതാണു എസ്ഐയ്ക്കു നൽകിയത്. കഴിച്ചു കഴിഞ്ഞയുടൻ, തണുത്തുപോയ ഭക്ഷണത്തിനു പണമില്ലെന്നു എസ്ഐ പറഞ്ഞു. ഇതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ ആഹാരം കഴിച്ചവർ പോലീസുകാരാണെന്നു മനസ്സിലായതോടെ യുവാക്കൾ പിന്മാറുകയായിരുന്നു. എസ്ഐയും സംഘവും മടങ്ങിയ ഉടൻ പേരൂർക്കടയിൽ നിന്നു പോലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി. തൊട്ടടുത്ത ദിവസം ഭക്ഷണം തയ്യാറാക്കി കഴിഞ്ഞയുടൻ പേരൂർക്കട പോലീസെത്തി കടപൂട്ടിച്ചു. സ്റ്റേഷൻപരിധിയിൽ കട കാണരുതെന്നും ഉദ്യോഗസ്ഥർ താക്കീതു നൽകി. ഒടുവിൽ ഡിജിപി ഓഫീസിലെത്തി യുവാക്കൾ എസ്ഐയോട് മാപ്പു പറഞ്ഞെങ്കിലും കട തുറന്നു പ്രവർത്തിപ്പിക്കാൻ പേരൂർക്കട പോലീസ് സമ്മതിച്ചില്ല. കട തുറക്കാൻ കഴിയാതെ വന്നതോടെ ഇവർ വ്യാപാരിവ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു. സമിതി ഇടപെട്ടിട്ടും പോലീസ് പിന്മാറിയില്ല. ഇതിനെ തുടർന്നാണു മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്ന് യുവാക്കൾ പറയുന്നു.
എന്നാൽ, മോശം ഭക്ഷണം വിളമ്പിയതിനെയാണ് ഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്ന് പേരൂർക്കട സിഐ സൈജുനാഥ് പറയുന്നു. കട നടത്തുന്നവർ ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയയ്തു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതി ശരിയല്ല. പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു സംരംഭകർ തന്നെയാണ് കട പൂട്ടിപോയത്. സ്റ്റേഷൻ പരിധിയിൽ മോശം ഭക്ഷണം വിൽക്കാൻ പറ്റില്ലെന്നു പറഞ്ഞു. ഇക്കാര്യങ്ങൾ വളച്ചൊടിച്ചാണു പരാതി നൽകിയതെന്നും അദ്ദേഹം പറയുന്നു. അതേസമയം, പോലീസ് പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയടുക്കണമെന്നുമാണ് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി പാപ്പച്ചൻ പ്രതികരിച്ചത്.
Discussion about this post