വോട്ടെടുപ്പിന് മുമ്പേ വോട്ടും ഭൂരിപക്ഷവും പ്രവചിച്ചു; ഫലം വന്നപ്പോള്‍ കിറുകൃത്യം: താരമായി കുഞ്ഞ് മജീഷ്യന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് താരമായി കുഞ്ഞ് മജീഷ്യന്‍. രാമപുരം സ്വദേശിയായ മജീഷ്യന്‍ മാസ്റ്റര്‍ അഭിനവ് എസ് കൃഷ്ണയാണ് വിജയിയെ ഒരാഴ്ച മുമ്പ് പ്രവചിച്ച് താരമായിരിക്കുന്നത്. മാണി സി കാപ്പന് ലഭിച്ച ആകെ വോട്ടും (54000നും 55000നും ഇടയിലെന്ന്) ഭൂരിപക്ഷവും (2500നും 3000 നും ഇടയിലെന്ന്) ആയിരുന്നു അഭിനവിന്റെ പ്രവചനം.

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം പലരേയും ഞെട്ടിക്കുമെന്നും ഫല പ്രവചനത്തിന്റെ തുടക്കത്തില്‍ തന്നെ മജീഷ്യന്‍ രേഖപ്പെടുത്തിയിരുന്നതും കൗതുകമായി. വോട്ടെടുപ്പ് നടക്കുന്നതിനും ഒരാഴ്ച മുമ്പ് 16-ാം തീയതിയാണ് വിജയി ആരാണെന്നും അദ്ദേഹത്തിന് കിട്ടുന്ന ആകെ വോട്ടും ഭൂരിപക്ഷവും എത്രയാണെന്നും രേഖപ്പെടുത്തിയ പ്രവചന രേഖ കവറിലാക്കി ബാങ്ക് ലോക്കറില്‍ വെച്ചത്.

പാലാ കിഴതടിയൂര്‍ ബാങ്കിന്റെ ലോക്കറിലാണ് വെച്ചത്. കവറിനു പുറത്തും, പെട്ടിക്കു പുറത്തും, സാക്ഷികളായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി കാപ്പന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. രാജന്‍ എന്നിവര്‍ ഒപ്പിട്ടിരുന്നു. സാക്ഷികളായി ഒപ്പിട്ട പ്രമുഖരുടെയും നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍ മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടേയും സാന്നിധ്യത്തിലാണ് പ്രവചനപ്പെട്ടി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത് തുറന്നത്.

കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി കാപ്പന്‍, മജീഷ്യന്‍ പ്രവചനത്തില്‍ രേഖപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ ഉറക്കെ വായിച്ചു. ഫലപ്രവചനത്തിനൊപ്പം വിജയിച്ച മാണി സി കാപ്പന്റെ പേരെടുത്ത് അഭിസംബോധന ചെയ്ത് എംഎല്‍എ എന്ന നിലയില്‍ പാലാ മണ്ഡലത്തില്‍ അത്യാവശ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍ നിവേദനമായും അഭിനവ് രേഖപ്പെടുത്തിയിരുന്നു.

തന്റെ തിരഞ്ഞെടുപ്പ് പ്രവചനം കൃത്യമായത് ഇന്ത്യന്‍ ജാലവിദ്യയുടെ വിജയമായാണ് കാണുന്നതെന്ന് അഭിനവ് പറഞ്ഞു. രാമപുരം വെള്ളിലാപ്പിളളി സെന്റ് ജോസഫ്സ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ എസ് അഭിനവ് കൃഷ്ണ. ഒമ്പത് വര്‍ഷമായി മാജിക് രംഗത്തുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ തോല്‍പ്പിച്ചത്.

Exit mobile version