കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുമതി. ഹൈക്കോടതിയാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയത്. പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനും ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കളക്ടറുടെയും പോലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം.
ഓര്‍ത്തഡോക്സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും കുര്‍ബാനയില്‍ പങ്കെടുക്കാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓര്‍ത്തഡോക്സ് വൈദികന് സ്കറിയ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനം.
യാക്കോബായ സഭാ വിശ്വാസികളെ പളളിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.
Discussion about this post