കോഴിക്കോട്: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെങ്കിലും കേരള കോണ്‍ഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചു. കേരളാ കോണ്‍ഗ്രസിന്റെ രണ്ട് വിഭാഗങ്ങള്‍ക്കും പരാജയത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാലായിലെ തെരഞ്ഞെടുപ്പ് പരാജയം ഇത്രയും വര്‍ഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസുകാര്‍ പരസ്പരം യോജിച്ച് മുന്നോട്ട് നീങ്ങണം. ജനങ്ങള്‍ പത്രം വായിക്കുകയും ടിവി കാണുകയും ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കണം. തമ്മിലടി തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരും. യുഡിഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ മുന്നണിയില്‍ നിന്ന് മാറ്റുകയേ നിര്‍വാഹമുള്ളൂവെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ വിജയത്തില്‍ ഇടത് പക്ഷം മതിമറന്ന് ആഹ്ലാദിക്കേണ്ട. ഒരു മാസത്തേക്ക് മാത്രമേ എല്‍ഡിഎഫിന്റെ ആഹ്ലാദത്തിന് ആയുസുള്ളൂ എന്ന് കൂടി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.
കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വരെ നിലനിന്നത് യുഡിഎഫിന്റെ വിജയത്തിന് വിഘാതം സൃഷ്ടിച്ചു. ഒരു ഘടകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിധികളുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടര്‍മാരെ കോപാകുലരാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷമുന്നണിക്കും സിപിഎമ്മിനും ഈ വിജയത്തില്‍ ഒരു മേനിയും അവകാശപ്പെടാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post