തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ പക്വതയില്ലായ്മ; തന്നെ കൂവിയതിന് ഖേദം പ്രകടിപ്പിച്ചില്ല; കുറ്റപ്പെടുത്തി പിജെ ജോസഫ്

ണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമെന്ന് പിജെ ജോസഫ് തുറന്നുസമ്മതിച്ചു.

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി. ജോസ്-ജോസഫ് വിഭാഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തോൽവിക്ക് പ്രധാനകാരണം ജോസ് കെ മാണിയുടെ പക്വതയില്ലായ്മയാണെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി. രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമെന്ന് പിജെ ജോസഫ് തുറന്നുസമ്മതിച്ചു. നേരത്തെ തോൽവിക്ക് കാരണമായി ജോസ് കെ മാണിയും ഇതേ കാരണം ഉയർത്തിക്കാണിച്ചിരുന്നു.

ജയസാധ്യതയും സ്വീകാര്യനുമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നതായിരുന്നു തീരുമാനം. മാണിസാറിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അതിനെ ചോദ്യം ചെയ്ത വ്യക്തിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ പിന്നീട് സ്ഥാനാര്‍ഥി തന്നെ ചിഹ്നം വേണ്ടെന്നും പറയുകയായിരുന്നു. പക്ഷേ ചിഹ്നം ഉണ്ടായിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് ഇപ്പോൾ ജോസ് കെ മാണി പറയുകയുണ്ടായി. അതിന് ഉത്തരവാദി താന്‍ അല്ല. പക്വതയില്ലായ്മയാണ്- പിജെ ജോസഫ് പറഞ്ഞു

മാണി സ്വീകരിച്ച കീഴ്‌വഴക്കങ്ങൾ ജോസ് കെ മാണി ലംഘിച്ചെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി. പാലായിൽ രണ്ട് കൂട്ടരും പ്രശ്‌നം ഉണ്ടാക്കിയെന്ന പ്രസ്താവനകൾ ശരിയല്ലെന്നും പ്രശ്‌നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും ജോസഫ് പറഞ്ഞു. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ല.

തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാൻ തയ്യാറാണെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയുടെ കാരണം യുഡിഎഫ് പഠിക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

Exit mobile version