‘സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ജനവിധി’; പാലാ വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത മാസം അഞ്ചിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, പാലായിലെ വിജയം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തിയത്.

‘പാലായില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കും.- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് അടുത്ത മാസം അഞ്ചിടത്ത് കൂടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, പാലായിലെ വിജയം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്‍ഡിഎഫിന്റെ അടിത്തറ ഇളകി എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാകുകയാണ് ഈ വിജയമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെയും വ്യക്തമാക്കി.

Exit mobile version