കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ 4 റൗണ്ട് പൂർത്തിയായപ്പോൾ ലീഡ് തുടർന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ആദ്യ രണ്ട് റൗണ്ടിലും ലീഡ് നേടിയ മാണി സി കാപ്പൻ മൂന്നാം റൗണ്ടിലും ലീഡ് തുടർന്നു. അദ്ദേഹത്തിന്റെ ലീഡ് 2100 കടന്നു. പാലാ കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം, കടനാട് പഞ്ചായത്തുകളിൽ നേടിയ ലീഡ് എൽഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇതിനിടെ രാമപുരത്ത് ബിജെപി, എൽഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം രംഗത്തെത്തി. രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും വോട്ട് കച്ചവടമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് എണ്ണിയത്. 15 പോസ്റ്റൽ വോട്ടുകളും 14 സർവീസ് വോട്ടുകളുമാണുള്ളത്. 15 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷൻ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകൾ എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചു.
14 സർവീസ് വോട്ടുകളിലും മൂന്നെണ്ണം അസാധുവായി. സർവീസ് വോട്ടുകളിൽ മാണി സി കാപ്പന് ആറും ബിജെപി സ്ഥാനാർഥി എൻ ഹരിക്ക് രണ്ടും ടോം ജോസിന് ഒന്നും വോട്ടുകൾ ലഭിച്ചു. സ്വതന്ത്രൻ സിജെ ഫിലിപ്പിന് ഒരു വോട്ടും ഒരു വോട്ട് നോട്ടയ്ക്കുമാണ് ലഭിച്ചത്. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക.
Discussion about this post