കൊച്ചി: സാമ്പത്തികമായ ചെലവ് താങ്ങാനുള്ള ബുദ്ധിമുട്ടാണ് ബിജെപിയിലെ മുതിർന്ന നേതാക്കളെ ഉപതെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറ്റി നിർത്തുന്നതെന്ന് സൂചന. ഉപതെരഞ്ഞെടുപ്പിന് പൊതുതെരഞ്ഞെടുപ്പിന് ലഭിക്കുന്ന പരിഗണനയൊന്നും കിട്ടില്ലെന്നതാണ് നേതാക്കളെ വിഷമത്തിലാക്കുന്നത്. മത്സരിക്കണമെന്ന് താത്പര്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചെലവ് സ്വയം കണ്ടെത്തേണ്ടതിനാൽ ആ ചിന്തയേ ഉപേക്ഷിക്കുകയാണ് നല്ലതെന്ന ഭാവത്തിലാണ് മുൻനിര നേതാക്കളെല്ലാം.
ഇത്തവണ കേന്ദ്രത്തിൽനിന്ന് കാര്യമായ സഹായം ലഭിക്കാനും സാധ്യതയില്ല. കൂടിയാൽ പതിനഞ്ചുലക്ഷം രൂപവരെയേ ലഭിക്കൂ. ഹരിയാനയിലും മഹാരാഷ്ട്രയിലും പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ തുകയും ചിലപ്പോൾ പ്രതീക്ഷ മാത്രമാകും. അതുകൊണ്ടുതന്നെ ഒരു കോടിയോളം വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണമുൾപ്പടെയുള്ളവയുടെ ചെലവ് സ്ഥാനാർത്ഥിയുടെ തലയിലാകും. പണം കണ്ടെത്തേണ്ട ബാധ്യത തലയിൽ എടുത്തുവെയ്ക്കുന്നത് ബുദ്ധിപരമല്ലെന്നും നേതാക്കൾ ചിന്തിക്കുന്നു. കൂടാതെ, ഉപതെരഞ്ഞെടുപ്പിന്റെ ക്ഷീണം മാറുമ്പോഴേക്കും പൊതുതിരഞ്ഞെടുപ്പിനുള്ള സമയമാവും.
അഥവാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു മുന്നേറ്റവും ഉണ്ടാക്കാനാകാതെ കനത്ത പരാജയം വല്ലതും നേരിട്ടാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് സീറ്റും ചോദിച്ച് നേതൃത്വത്തെ സമീപിക്കാനാകില്ല. സീറ്റ് കിട്ടിയാലും വീണ്ടും സമാനമായ തുക കണ്ടെത്തൽ വലിയ ബാധ്യതയാകും. മഞ്ചേശ്വരത്ത് 89 വോട്ടിനുമാത്രം തോറ്റ കെ സുരേന്ദ്രൻ എന്തുതന്നെ സംഭവിച്ചാലും മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ്. ഏതെങ്കിലും വിധത്തിൽ പിന്നോട്ടുപോയാൽ അത് രാഷ്ട്രീയ ഭാവിക്ക് തന്നെ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. കോന്നിയിലും വട്ടിയൂർക്കാവിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഇത്തവണ പിന്നിലേക്ക് പോയാൽ ഭാവിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
Discussion about this post