കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് സംഘർഷം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കൽ ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒഴിപ്പിക്കൽ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്തെന്നും നാളെ രാവിലെയോടെ പള്ളി ഒഴിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതിനിടെ, പള്ളി ഒഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ വിശ്വാസികളും സഭാ മേലധികാരികളും രംഗത്തെത്തി. കളക്ടറുമായുള്ള ചർച്ചയ്ക്കുശേഷം മെത്രാപ്പൊലീത്തമാർ സ്വയം അറസ്റ്റുവരിച്ചു. പ്രതിഷേധത്തിനു മുന്നിൽ നിന്ന ചിലരെ നേരത്തെ തന്നെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. പള്ളിയുടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി. പള്ളിയിൽ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ സഭയുടെ പ്രതിഷേധം.
പോലീസ് നടപടിയ്ക്ക് പിന്നാലെ, പള്ളിയുടെ ചുമതല ഹൈക്കോടതി നിർദേശ പ്രകാരം എറണാകുളം ജില്ലാകളക്ടർ എസ് സുഹാസ് ഏറ്റെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്ന മുഴുവൻ പേരേയും അറസ്റ്റു ചെയ്തു നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പള്ളി പൂർണമായും ഒഴിപ്പിച്ച് നാളെ ഉച്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി വിധി അനുസരിച്ച് പിറവം പള്ളിയിൽ ആരാധന നടത്താൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷാ നൽകാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഓർത്തഡോക്സ് സംഘം ഇന്നലെ പള്ളിയിലെത്തിയിരുന്നു. എന്നാൽ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓർത്തഡോക്സകാർക്കു പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് ഓർത്തഡോക്സ് സഭാ ട്രസ്റ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post