കോട്ടയം: വോട്ടെടുപ്പിന് പിന്നാലെ ഉയർന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം. എൽഡിഎഫിലേക്ക് ചേക്കേറാൻ ശ്രമിക്കുന്ന പാലായിലെ ബിജെപി പ്രാദേശിക നേതാവ് യുഡിഎഫുമായി വോട്ട് കച്ചവടം നടത്തി എന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സണ്ണി പറഞ്ഞു.
വൻ പരാജയം മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണിത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പോലെയാണ് പാലായിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ദൂരം. ആറ് മാസം മുമ്പ് നടന്ന പാർലമെന്റ് തെരെഞ്ഞടുപ്പിൽ 33,472 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പാലാ ഉപതെരെഞ്ഞെടുപ്പ് ഫലം.
ജനങ്ങൾ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാൻ വോട്ടു കച്ചവട ആരോപണം ഉന്നയിക്കുന്നതെന്നും സണ്ണി തെക്കേടം പറഞ്ഞു. നേരത്തെ പാലായിൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവുമായി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം രംഗത്ത് വന്നിരുന്നു.
Discussion about this post