തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് മേയര്‍ ബ്രോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്നാണ് അദ്ദേഹം കുറിച്ചത്. പ്രളയ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങളും മറ്റും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം ലോഡ് കണക്കിന് ആവശ്യ വസ്തുക്കളാണ് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിയത്. ഇതോടെ വികെ പ്രശാന്തിന് മേയര്‍ ബ്രോ എന്ന വിളിപ്പേരും ലഭിച്ചു. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്.
എകെജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവ്- വികെ പ്രശാന്ത്, കോന്നി – കെയു ജനീഷ് കുമാര്‍, അരൂര്‍ – മനു സി പുള്ളിക്കല്‍, എറണാകുളം – അഡ്വ. മനു റോയ്, മഞ്ചേശ്വരം – ശങ്കര്‍ റേ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയമുള്ളവരെ, വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയി ഞാന്‍ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണന് അല്പം മുന്‍പ് നടത്തുകയുണ്ടായി.
കഴിഞ്ഞ കാലങ്ങളില്‍ നല്കിയ നിര്‍ലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവന്‍ സുഹൃത്തുകളോടും അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്. അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ….
Discussion about this post