നെടുങ്കണ്ടം: അയൽക്കാരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്താനെത്തിയ പോലീസുകാർ വീടിന്റെ അടുക്കള വാതിൽ ചവിട്ടി തുറന്നെന്ന് പരാതി. നെടുങ്കണ്ടം മൈനർസിറ്റി താന്നിക്കൽ മാത്തുക്കുട്ടി ഫിലോമിന ദമ്പതികളാണ് കട്ടപ്പന ഡിവൈഎസ്പിക്കു സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്. വീടിന്റെ പിൻഭാഗത്തുള്ള അടുക്കള വാതിൽ ചവിട്ടി തുറന്ന് പോലീസ് ഉദ്യോഗസ്ഥൻ അകത്തു കയറി മകനെ അന്വേഷിച്ചെന്നും ഇരുവരെയും വിരട്ടിയെന്നുമാണ് പരാതി. പോലീസ് മാന്യമായി ജനങ്ങളോട് ഇടപെടണമെന്നും സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നുമുള്ള ഡിജിപിയുടെ സർക്കുലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് സേനയ്ക്ക് തലവേദനയായി ദമ്പതികളുടെ പരാതി.
മാത്തുക്കുട്ടി കാൻസർ രോഗിയും ഭാര്യ ഫിലോമിന ഹൃദ്രോഗിയുമാണ്. 23നു വൈകുന്നേരം 5.30നും 6 നും ഇടയിലാണ് സംഭവം നടന്നതെന്നു പരാതിക്കാർ പറയുന്നു. പ്രദേശവാസിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മകനെ അന്വേഷിച്ച് എത്തിയതെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ഇരുവരോടും പറഞ്ഞത്.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇവരുടെ മകൻ ബിജുവിനു എതിരെ നെടുങ്കണ്ടം സ്റ്റേഷനിൽ ഒരു വീട്ടമ്മ നൽകിയ പരാതിയും, ഒപ്പം ഫോണിൽ വിളിച്ച് യുവാവിനെ വിരട്ടിയെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കട്ടപ്പന ഡിവൈഎസ്പിയും അന്വേഷണം ആരംഭിച്ചു.