കല്‍പ്പറ്റ: വയനാട്ടിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കും ധനസഹായം ഉടന്‍ വിതരണം ചെയ്യണുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ കര്‍ശന നിര്‍ദേശം. ചില സാങ്കേതികമായ തകരാറുകള്‍ കാരണമാണ് ധനസഹായവിതരണം തടസപ്പെട്ടതെന്നാണ് വിശദീകരണം. എന്നാല്‍ എല്ലാം ഉടന്‍ പൂര്ത്തീകരിക്കണുമെന്ന്
കളക്ടര്‍ നിര്‍ദ്ദേശം നല്കി.
പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട പലര്‍ക്കും സര്‍ക്കാര്‍ ധനസഹായമായ 10,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ ചില സാങ്കേതികമായ തകരാറുകള്‍ കാരണമാണ് ധനസഹായവിതരണം തടസപ്പെട്ടതെന്നും, വൈകാതെ തന്നെ മുഴുവന്‍ പ്രളയബാധിതര്‍ക്കും പണം വിതരണം ചെയ്യുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ പ്രളയബാധിതര്‍ക്കുമുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. കൂടുതല്‍ പ്രളബാധിതരുള്ള വൈത്തിരി മാനന്തവാടി താലൂക്കുകളില്‍ ധനസഹായ വിതരണത്തിന്റെ ചുമതല ഡെപ്യൂട്ടികളക്ടര്‍മാക്ക് നല്കി.
ആകെ 10,008 പേര്‍ക്കാണ് ജില്ലയില്‍ സര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇതുവരെ വിതരണം ചെയ്തത് 2439 പേര്ക്ക്മാത്രം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലാണ് പ്രളയ ധനസഹായ വിതരണം. സംസ്ഥാനത്തെ മുഴുവന്‍ പ്രളബാധിതരുടെയും വിവരങ്ങള്‍ ചേര്‍ക്കാനുള്ള സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാറാണ് നടപടികള്‍ ഇത്രയും വൈകാന്‍ കാരണമായതെന്നാണ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് നല്കിയ വിശദീകരണം.
Discussion about this post