കാസർകോട്: മഞ്ചേശ്വരത്തെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. പ്രാദേശിക വികാരം കണക്കിലെടുക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെതിരെയാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധം കത്തുന്നത്. തുടർന്ന് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എകെ ആരിഫ് രാജിക്കൊരുങ്ങി. പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുന്നതിൽ പരാജയപ്പെട്ട മണ്ഡലം പ്രസിഡന്റ് ടിഎ മൂസ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രചാരണരംഗത്ത് തത്കാലം സജീവമാകേണ്ടെന്ന തീരുമാനവും ബുധനാഴ്ച ചേർന്ന മണ്ഡലം കമ്മിറ്റി യോഗം സ്വീകരിച്ചു. സംസ്ഥാന നേതാക്കൾ നേരിട്ടെത്തിയ ശേഷം പ്രചാരണവുമായി സഹകരിച്ചാൽ മതിയെന്നാണ് തീരുമാനം. യുഡിഎഫിന്റെ മഞ്ചേശ്വരം മണ്ഡലം സ്ഥാനാർത്ഥിയായി എംസി കമറുദ്ധീനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഉപ്പളയിലെ ലീഗ് ഓഫീസിൽ പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗവും ബഹളത്തിൽ മുങ്ങുകയും ചെയ്തു. ഇനിയും പുറത്തുനിന്നും കെട്ടിയിറക്കുന്ന ഒരു സ്ഥാനാർത്ഥി തങ്ങൾക്ക് വേണ്ടെന്ന നിലപാടിലാണ് മഞ്ചേശ്വരത്തെ ലീഗുകാർ. ഇതോടെ സ്ഥാനാർത്ഥിയായ കമറുദ്ധീൻ ലീഗ് ഓഫീസിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് പിന്മാറി.
ഇത്തവണ മണ്ഡലത്തിനുള്ളിലെ തന്നെ നേതാക്കളെത്തന്നെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നേതൃത്വത്തിന് താൽപര്യം ലീഗ് ജില്ലാ പ്രസിഡന്റുകൂടിയായ കമറുദ്ധീനോടായിരുന്നു. പ്രശ്‌നം തണുപ്പിക്കാൻ കൊടപ്പനക്കൽ തറവാട്ടിൽ ചൊവ്വാഴ്ച രാവിലെ നടന്ന കാസർകോട് ജില്ലാ നേതാക്കളുടെയും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെയും യോഗത്തിൽ പൊട്ടിത്തെറിയുണ്ടായി. ഇറങ്ങിപ്പോയ പ്രാദേശിക നേതാക്കളും അണികളും പാണക്കാട്ട് പ്രതിഷേധ പ്രകടനവും നടത്തി.
Discussion about this post