മൂന്നാർ: മൂന്നാറിലെ പ്രകൃതിയ നശിപ്പിച്ചുകൊണ്ടുള്ള കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തും ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയ സബ്കളക്ടർ ഡോ. രേണു രാജിന് ഒടുവിൽ പ്രതീക്ഷിച്ച സ്ഥലം മാറ്റം. മൂന്നാറിലെ കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരേ കർശ്ശന നടപടികളുമായി മുന്നോട്ടുപോകവെയാണ് പതിവുപോലെ ദേവികുളം സബ് കളക്ടർക്ക് സ്ഥാനചലനം ഉണ്ടാകുന്നത്. ദേവി കുളത്ത് സബ് കളക്ടർമാർ വാഴാറില്ല. 9 വർഷത്തിനിടെ 15 സബ് കളക്ടർമാരാണ് ഇവിടെ വന്നു പോയത്. ഇതിൽ അവസാനത്തെ പേരാണ് രേണു രാജിന്റേത്. കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയപ്പാർട്ടികളിലെ കൈയ്യേറ്റക്കാരുടെ അനിഷ്ടം തന്നെയാണ് രേണുരാജിന്റെ സ്ഥലംമാറ്റത്തിന് പിന്നിലും.
ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അനധികൃത റിസോർട്ടുകൾക്കെതിരേയും മൂന്നാറിലെ മലനിരകളിലുള്ള കൈയ്യേറ്റങ്ങൾക്ക് എതിരേയും നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു രേണു രാജ്. ഇതിനിടെ എംപിയായിരുന്ന ജോയ്‌സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് സെപ്റ്റംബർ ഏഴിന് രേണുരാജ് റദ്ദാക്കിയിരുന്നു. ഈ നടപടിക്ക് കോടതിയുടെ സ്‌റ്റേ ലഭിച്ചെങ്കിലും രേണു രാജ് നടപടികളിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. പലപ്പോഴും ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ രേണു രാജിനെതിരെ പരസ്യമായി അധിക്ഷേപം വരെ നടത്തി.
പഴയ മൂന്നാർ പാർക്കിങ് ഗ്രൗണ്ടിൽ പുഴയോരത്ത് എൻഒസി ഇല്ലാതെ നടത്തിവന്ന പഞ്ചായത്ത് കോംപ്ലക്‌സ് നിർമ്മാണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് സബ് കളക്ടർ അയച്ച റവന്യൂസംഘത്തെ എസ് രാജേന്ദ്രൻ എംഎൽഎ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ആർ കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലെ രാഷ്ട്രീയക്കാരുടെ സംഘം ഒറ്റക്കെട്ടായാണ് തടഞ്ഞത്. ‘ബുദ്ധിയില്ലാത്തവൾ’ എന്ന് പറഞ്ഞാണ് രേണുരാജിനെ അന്ന് എംഎൽഎ അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ പാർട്ടി ശാസിക്കുകയും എംഎൽഎ മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് സബ് കളക്ടർ രേണു രാജിനെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രദ്ധിക്കാൻ ആരംഭിച്ചത്. ഇക്കാ നഗറിലെയും ദേവികുളത്തെയും രാഷ്ട്രീയക്കാരുടെ കൈയേറ്റങ്ങൾക്കെതിരേ കർശന നടപടികളാണ് കഴിഞ്ഞ പത്തു മാസത്തിനിടയിൽ സബ് കളക്ടർ കൈകൊണ്ടത്.
ഇക്കാലയളവിൽ എൺപതിലധികം കൈയേറ്റങ്ങളാണ് മൂന്നാർ, ദേവികുളം, പള്ളിവാസൽ, ചിന്നക്കനാൽ മേഖലകളിൽ മാത്രം ഒഴിപ്പിച്ചത്. നാൽപതോളം വൻകിട കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. ചിന്നക്കനാലിൽ വ്യാജപട്ടയം നിർമ്മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടർന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആർഡിഎസ്. കമ്പനിയുടെയും പട്ടയങ്ങൾ റദ്ദാക്കിയിരുന്നു. പള്ളിവാസൽ വില്ലേജിൽപ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോൾഡൻ മൂന്നാർ പാലസ് എന്ന റിസോർട്ടിന് പഞ്ചായത്ത് നൽകിയ ലൈസൻസ്, സബ് കളക്ടറുടെ കർശന നിർദേശപ്രകാരം തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതാണ് അവസാനത്തെ നടപടി. ഈ റിസോർട്ട് മരടിലെ വിവാദ ഫ്‌ളാറ്റുടമകളായ കെപിവർക്കി ഗ്രൂപ്പിന്റേതാണ്.
കൂടാതെ, ചിന്നക്കനാലിൽ സബ്കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഭൂമിപരിശോധന നടത്തിവരികയായിരുന്നു. കൊട്ടാക്കമ്പൂരിലെ നിർദ്ദിഷ്ട കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി നിർണയിക്കുന്നതിനുള്ള പരിശോധനയും നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പതിവുതെറ്റിക്കാതെ നടപടിയെടുക്കുന്ന സബ്കളക്ടർമാരെ തേടിയെത്താറുള്ള സ്ഥലംമാറ്റ ഉത്തരവ് വരുന്നത്.
Discussion about this post