തിരുവനന്തപുരം: ഇടുക്കിയിലെ കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുത്ത് ശ്രദ്ധേയായ ദേവികുളം സബ് കളക്ടർ വിആർ രേണുരാജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയ അൽകേഷ്‌കുമാർ ശർമ്മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായും നിയമിച്ചു.
സ്മാർട് സിറ്റി കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വ്യവസായ (കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ) പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കും. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നികുതി (എക്‌സൈസ്) സെക്രട്ടറി, ചേരമാൻ ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ ചുമതലകളും വഹിക്കും.
അതേസമയം, ദേവികുളത്ത് കാലാവധി പൂർത്തിയാകും മുമ്പെ മടങ്ങുന്ന സബ്കളക്ടർമാരുടെ കൂട്ടത്തിലേക്ക് ചേർന്നിരിക്കുകയാണ് സബ്കളക്ടർ ഡോ. രേണു രാജും. 9 വർഷത്തിനിടെ ദേവികുളത്ത് 15 സബ് കളക്ടർമാരാണു വന്നു പോയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വർഷം തികയുന്നതിനു മുമ്പാണു രേണു രാജിനെ മാറ്റിയത്. ഈ സർക്കാരിന്റെ കാലത്ത്
മാത്രം സ്ഥലം മാറ്റം ലഭിച്ചവർ 5 പേരാണു. 3 വർഷത്തിനുള്ളിലാണ് ഈ സ്ഥാനചലനങ്ങൾ. സബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വിആർ പ്രേംകുമാർ, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ.
Discussion about this post