ആലപ്പുഴ: അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മനു സി പുളിക്കല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം പ്രദേശിക കമ്മിറ്റികളുടെ അംഗീകാരത്തോടെ സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും. സിബി ചന്ദ്രബാബു, പിപി ചിത്തരഞ്ജന് എന്നിവരുടെ പേരും മനു സി പുളിക്കലിനൊപ്പം നേരത്തെ പരിഗണനയിലുണ്ടായിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് മനു. വെള്ളിയാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം.
നിലവില്‍ ഫിഷറീസ് സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലും യുവജനക്ഷേമ ബോര്‍ഡിലും അംഗമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മനു മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരൂരിലും സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് സ്ഥാനാര്‍ഥികളായി. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്, കോന്നിയില്‍ ഡിവൈഎഫ്ഐയുടെ മറ്റൊരു സംസ്ഥാന വൈസ്.പ്രസിഡന്റ് കെയു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടിയേറ്റ് അംഗം സിഎച്ച് കുഞ്ഞമ്പു, എറണാകുളത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി അഡ്വ.മനു റോയിയേയും മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.
അതേസമയം, യുഡിഎഫിനും ബിജെപിക്കും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായിട്ടില്ല. യുഡിഎഫിന് രണ്ട് മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ഒഴിച്ചാല്‍ ഏകദേശ ധാരണയായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചിരിക്കുന്നത്.
എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് നാളെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍നിര നേതാക്കള്‍ മത്സരിക്കാന്‍ വിമുഖത കാണിക്കുന്നതാണ് ബിജെപിയെ അനിശ്ചിത്വത്തിലാക്കുന്നത്.
Discussion about this post